| Thursday, 25th October 2012, 12:40 am

വി.കെ സിങിനെതിരെ 103 കോടി രൂപയുടെ അഴിമതി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കരസേന മേധാവിയുടെ പ്രത്യേക ഫണ്ടില്‍ 103 കോടിയുടെ ക്രമക്കേട് നടന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. വിവിധ മേഖലകളിലായി കരസേന കമാന്‍ഡന്റുമാരുടെ പ്രത്യേക ഫണ്ടില്‍ നിന്ന് സേനയ്ക്ക് പാരച്യൂട്ടും മറ്റുപകരണങ്ങളും വാങ്ങിയതിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

കരസേനാ മുന്‍മേധാവി റിട്ട. ജനറല്‍ വി.കെ. സിങ് പൂര്‍വമേഖലാ കമാന്‍ഡ് മേധാവിയായിരുന്ന  2008-2010 കാലയളവില്‍ 25 പാരച്യൂട്ടുകളും ജനറേറ്ററും ബാറ്ററിയും വാങ്ങിയതില്‍ അമ്പതുലക്ഷത്തിന്റെ ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.[]

ടട്ര ട്രക്കുകള്‍ വാങ്ങിയതിലെ ക്രമക്കേട് മറച്ചുവെക്കാന്‍ റിട്ട. ലെഫ്.ജനറല്‍ തേജീന്ദര്‍ സിങ് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയെ്തന്ന വി.കെ. സിങ്ങിന്റെ ആരോപണത്തില്‍ സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. അതിനിടയിലാണ് അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു അഴിമതി ആരോപണം ഉയര്‍ന്നത്.

പൂര്‍വമേഖലാ കമാന്‍ഡിന്റെ ഇപ്പോഴത്തെ മേധാവി ജനറല്‍ ബിക്രം സിങ്ങിനെതിരെയും ആരോപണമുണ്ട്. പശ്ചിമ മേഖലാ കമാന്‍ഡ് 4.89 ലക്ഷം രൂപയ്ക്ക് വാങ്ങിയ പാരച്യൂട്ടുകള്‍ 8.17 ലക്ഷം രൂപയ്ക്കാണ് ഈസ്‌റ്റേണ്‍ കമാന്‍ഡ് വാങ്ങിയത്.

ഡല്‍ഹിയിലെ “സെകെടെക് സൊല്യൂഷന്‍സ്” എന്ന സ്ഥാപനത്തില്‍ നിന്നാണ് പാരച്യൂട്ടുകള്‍ വാങ്ങിയത്. ഇക്കാര്യത്തില്‍ ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെന്നും ഓഡിറ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  2009-10, 2010-11 സാമ്പത്തിക വര്‍ഷങ്ങളിലെ ഇടപാടുകകളാണ് പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ പരിശോധിച്ചത്.

ഉത്തരമേഖലാ കമാന്‍ഡിന്റെ കീഴില്‍ 12 ഇടപാടുകളില്‍ നിന്നായി നൂറ് കോടി രൂപയോളം സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. 94 കോടി രൂപയോളം നഷ്ടം പാല്‍ വാങ്ങിയതില്‍ മാത്രം വന്നിട്ടുണ്ട്. ഇതിലാണ് ഏറ്റവും വലിയതോതില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.

റേഡിയോ ഹാന്‍ഡ്‌സെറ്റുകള്‍, സാറ്റലൈറ്റ് ഫോണ്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയതിലാണ് മറ്റ് ക്രമക്കേടുകള്‍. സെന്‍ട്രല്‍, സൗത്ത് വെസ്റ്റ്, സതേണ്‍, വെസ്‌റ്റേണ്‍ കമാന്‍ഡുകളിലും ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കരസേനാ വകുപ്പിലുണ്ടാകുന്ന സാമ്പത്തിക അഴിമതി വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.

Latest Stories

We use cookies to give you the best possible experience. Learn more