കൊല്‍ക്കത്ത: ജെ.സി മുഖര്‍ജി ട്രോഫിയില്‍ വെടിക്കെട്ടു ബാറ്റിങ്ങുമായി ഇന്ത്യന്‍താരം വൃദ്ധിമാന്‍ സാഹ. 20 പന്തില്‍ 14 സിക്‌സും നാലു ഫോറുകളുമടക്കം 102 റണ്‍സാണ് സാഹ അടിച്ച് കൂട്ടിയത്. ഐ.പി.എല്ലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി സാഹയുടെ അത്യുഗ്രന്‍ പ്രകടനം.
ബി.എന്‍.ആര്‍ റിക്രിയേഷന്‍ ക്ലബ്ബിനെതിരേ മോഹന്‍ ബഗാന് വേണ്ടിയാണ് സാഹ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ഏഴാംഓവറില്‍ അമേന്‍ പ്രസാദിന്റെ എല്ലാ പന്തുകളും സിക്‌സര്‍ പായിച്ച സാഹയുടെ മികച്ച പ്രകടനത്തിന്റെ ബിന്‍ബലത്തില്‍ ബി.എന്‍.ആര്‍ റിക്രിയേഷന്‍ ക്ലബ്ബ് പടുത്തുയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം ഏഴു ഓവറിലാണ് മോഹന്‍ബഗാന്‍ മറികടന്നത്.
ഇന്ത്യക്കായി 32 ടെസ്റ്റും ഒമ്പത് ഏകദിനവും കളിച്ചിട്ടുള്ള സാഹ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ എന്നും പകരക്കാരുടെ നിരയിലായിരുന്നു. തന്നെ തഴയുന്ന സെലക്ടര്‍മാര്‍ക്കുള്ള മറുപടി കൂടിയായാണ് സാഹയുടെ അത്യുഗ്രന്‍ പ്രകടനം.
ഐ.പി.എല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ നടത്തിയ പ്രകടനം സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റിനും ആരാധകര്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതാണ്.