| Sunday, 13th October 2024, 9:24 pm

ഗുട്ടറസിനെ വിലക്കിയ ഇസ്രഈലിന്റെ നീക്കം; അപലപിച്ച് 102 രാജ്യങ്ങള്‍, വിട്ടുനിന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ ഇസ്രഈലിന്റെ നീക്കത്തിനെതിരെ 102 രാജ്യങ്ങള്‍.

അന്റോണിയോ ഗുട്ടറസിനെതിരായ നടപടിയില്‍ അപലപിച്ച് 102 രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത കത്ത് ഇസ്രഈലിന് കൈമാറി. ചിലിയാണ് നീക്കത്തിന് നേതൃത്വം നല്‍കിയത്.

ബ്രസീല്‍, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഇന്തോനേഷ്യ, സ്പെയിന്‍, ഗയാന, മെക്സിക്കോ, ജര്‍മനി, ഗ്രീസ്, പെറു, ഉറുഗ്വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഇസ്രഈലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളുള്ള കക്ഷികള്‍ക്കിടയില്‍ പരിഹാര നടപടി കണ്ടെത്താനുള്ള അന്താരാഷ്ട്ര സംഘടനയുടെ നീക്കത്തെയും തുരങ്കം വെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ആഗോള തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ അന്റോണിയോ ഗുട്ടറസിന്റെ നിലപാടുകള്‍ നിര്‍ണായകമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രഈലിന്റെ നടപടി ദ്വിരാഷ്ട്ര പരിഹാരത്തിന് കാലതാമസം ഉണ്ടാക്കുമെന്നും രാജ്യങ്ങള്‍ പറഞ്ഞു.

ഇസ്രഈലില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ അന്റോണിയോ ഗുട്ടറാസ് അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. മിസൈലാക്രമണത്തിന് മുന്നോടിയായി ഗസയ്ക്ക് പിന്നാലെ ലെബനനിലും ഇസ്രഈല്‍ ആക്രമണം നടത്തിയതില്‍ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നും യുദ്ധം ഒഴിവാക്കണമെന്നുമായിരുന്നു അറിയിപ്പ്. ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ ഗുട്ടറസിന് വിലക്ക് പ്രഖ്യാപിച്ചത്.

ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സാണ് ഗുട്ടറസിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അറിയിച്ചത്. ഗുട്ടറസിനെതിരെ ഇസ്രഈല്‍ ‘പേഴ്‌സണ നോണ്‍ ഗ്രാറ്റ’ പ്രഖ്യാപിക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു.

ഇതിനെതിരെയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രഈലിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ യു.എന്നിലെ അംഗമായ ഇന്ത്യ കത്തില്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ലെബനനില്‍ വിന്യസിച്ചിട്ടുള്ള യു.എന്‍ സേനക്കെതിരെ ഇസ്രഈല്‍ ആക്രമണം നടത്തിയതില്‍ ഇന്ത്യ അപലപിച്ചിരുന്നു.

യു.എന്‍ സേനക്കെതിരെ ആക്രമണം നടത്തിയതില്‍ അപലപിച്ച 35 രാജ്യങ്ങളോടപ്പം തങ്ങളും നിലകൊള്ളുന്നുവെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

Content Highlight: 102 countries oppose Israel’s move bar Guterres from entering the country

Latest Stories

We use cookies to give you the best possible experience. Learn more