കൊവിഡ് കാലത്തെ മുസ്‌ലിം വിരുദ്ധതക്ക് തടയിടുക, ഇടപെടുക; 101 മുന്‍ സിവില്‍ സര്‍വീസ് ഉദോഗസ്ഥര്‍ മുഖ്യമന്ത്രിമാര്‍ക്കെഴുതിയ തുറന്ന കത്ത്
Daily News
കൊവിഡ് കാലത്തെ മുസ്‌ലിം വിരുദ്ധതക്ക് തടയിടുക, ഇടപെടുക; 101 മുന്‍ സിവില്‍ സര്‍വീസ് ഉദോഗസ്ഥര്‍ മുഖ്യമന്ത്രിമാര്‍ക്കെഴുതിയ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th April 2020, 2:32 pm

 

 

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രചാരണങ്ങളില്‍ പ്രതിഷേധിമറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 101 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും തുറന്ന കത്തെഴുതി.

നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് കാരണക്കാര്‍ മുസ്‌ലീങ്ങളാണെന്ന പ്രചാരണം നടത്തി വര്‍ഗീയ ആക്രമണം നടത്തുന്നതിനെതിരെയാണ് ‘കോണ്‍സ്റ്റിട്യൂഷണല്‍ കണ്ടക്ട് ഗ്രൂപ്പ്’ എന്ന പേരില്‍ രാജ്യത്തെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുറന്ന കത്തെഴുതിയിരിക്കുന്നത്.

മുന്‍പേ തന്നെ വര്‍ഗീയത ശക്തിപ്പെട്ടിരുന്ന സാഹചര്യത്തില്‍ തബ്ലീഗ് സമ്മേളനത്തെ വക്രീകരിച്ച് സ്ഥിതി വഷളാക്കിയതിന് മാധ്യമങ്ങളെയും കത്ത് കുറ്റപ്പെടുത്തുന്നു.

‘ദല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ നിസാമുദ്ദീനില്‍ സമ്മേളനം സംഘടിപ്പിച്ചത് ന്യായീകരിക്കാന്‍ സാധിക്കാത്തത് തന്നെയാണ്, സംശയമില്ല. എന്നാല്‍ അതിനെ അങ്ങേയറ്റം വര്‍ഗീയ വല്‍ക്കരിക്കുകയും മുഴുവന്‍ മുസ്‌ലിം സമുദായത്തെയും പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്ത മാധ്യമങ്ങളുടെ നടപടി തീര്‍ത്തും നിരുത്തരവാദപരവും ആക്ഷേപാര്‍ഹ്യവും ആണ്,’ കത്ത് കുറ്റപ്പെടുത്തി.

ന്യൂനപക്ഷ സമുദായങ്ങങ്ങളുടെ ആകുലതകള്‍ പരിഹരിക്കുവാനും ലോക്ഡൗണ്‍ കാലത്തും അവരുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെ വിശദീകരിക്കുവാനും കത്ത് ശ്രമിക്കുന്നു.

മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെയുള്ള വ്യാജ വിഡിയോകള്‍, ഹോഷിയാര്‍പൂറില്‍ നടന്ന ഗുജ്ജര്‍ മുസ്‌ലിം പാല്‍ വില്പനക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍, ഗര്‍ഭിണിയായ മുസ്‌ലിം യുവതിക്ക് ചികിത്സ നിഷേധിച്ചത് തുടങ്ങി നിരവധി മുസ്‌ലിം വിരുദ്ധ സംഭവങ്ങള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുസ്‌ലിം വിഭാഗക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്നും കത്ത് തുടര്‍ന്ന് ആവശ്യപ്പെടുന്നു. ‘സംസ്ഥാനങ്ങളിലെ ഒരു സമുദായത്തിന്റെയും സാമൂഹിക ബഹിഷ്‌കരണത്തിലേക്ക് സ്ഥിതിഗതികള്‍ എത്താന്‍ അനുവദിക്കാതെ ജാഗരൂകരാകാന്‍’ സര്‍ക്കാര്‍ സംവിധാങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂര്‍ണ രൂപം:

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് ഇത്. രാഷ്ട്രീയ ചായ്വുകള്‍ ഈ കൂട്ടായ്മയ്ക്കില്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. 2017 -ല്‍ ഒരു കൂട്ടായ്മയായി രൂപപ്പെട്ടതുമുതല്‍ ഗൗരവമായ വിഷയങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും തുറന്നകത്തെഴുതുകയും ചെയ്തു പോരുന്നു.

രാജ്യത്തൊട്ടാകെ അരങ്ങേറിക്കൊണ്ടിരിക്കുന്ന, മാര്‍ച്ച് മാസത്തില്‍ ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് ശേഷം ശക്തിപ്പെട്ട, നിരവധി മുസ്‌ലിം വിരുദ്ധ സംഭവങ്ങളിലേക്ക് അങ്ങേയറ്റം മനോവിഷമത്തോടെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു തുടങ്ങിയതിന് ശേഷവും സാമൂഹിക അകലം പാലിക്കാതെ സമ്മേളിച്ചതിന് തബ്ലീഗ് ജമാഅത്ത് നേതൃത്വം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരുമിച്ചുകൂടിയത് രാജ്യത്ത് തബ്ലീഗ്കാര്‍ മാത്രമല്ല. രഷ്ട്രീയവും മതപരവുമായ മറ്റ് സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്.

എന്നാല്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം തബ്ലീഗ് സമ്മേളനത്തെ മാത്രം പര്‍വ്വതീകരിച്ച് കൊവിഡ് വ്യാപനത്തിന് വര്‍ഗീയ മുഖം നല്‍കാനാണ് കിണഞ്ഞു പരിശ്രമിച്ചത്. തബ്ലീഗ്കാര്‍ സംഘടിതമായി തീരുമാനമെടുത്ത് രാജ്യത്ത് വൈറസ് പടര്‍ത്തുകയാണെന്ന് വരെ വാര്‍ത്തകള്‍ കെട്ടിയുണ്ടാക്കി. ദല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ നിസാമുദ്ദീനില്‍ സമ്മേളനം സംഘടിപ്പിച്ചത് ന്യായീകരിക്കാന്‍ സാധിക്കാത്തത് തന്നെയാണ്, സംശയമില്ല. എന്നാല്‍ അതിനെ അങ്ങേയറ്റം വര്‍ഗീയ വല്‍ക്കരിക്കുകയും മുഴുവന്‍ മുസ്‌ലിം സമുദായത്തെയും പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്ത മാധ്യമങ്ങളുടെ നടപടി അങ്ങേയറ്റം നിരുത്തരവാദപരവും ആക്ഷേപാര്‍ഹവും ആണ്.

ഇത്തരം വാര്‍ത്തകള്‍ മുസ്‌ലിം സമുദായത്തിനുനേരെ രാജ്യത്തെമ്പാടും ഒരു ശത്രുതാ മനോഭാവം വളര്‍ത്തിയെടുത്തു. കൊവിഡ് പകര്‍ത്തുന്നതിനായി മുസ്‌ലിം കച്ചവടക്കാര്‍ പച്ചക്കറികളിലും പഴങ്ങളിലും ഉമിനീര് പുരട്ടുന്നു എന്ന് പറഞ്ഞു വ്യാജ വിഡിയോകള്‍ എമ്പാടും പ്രചരിച്ചു. കച്ചവടക്കാരോട് പേര് ചോദിച്ച് മുസ്‌ലിം വിഭാഗക്കാരാണെകില്‍ ശാരീരികമായി ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടായി പലയിടത്തും.

അത്തരം സംഭവങ്ങളുടെ വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പാറിനടക്കുകയാണ്. ഈ മഹാമാരി കാരണം സമൂഹത്തിലുണ്ടാക്കിയ ഭീതിയും അരക്ഷിതാവസ്ഥയും ഇത്തരം മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും മുസ്‌ലിങ്ങളെ അപരവല്‍കരിക്കുന്നതിലേക്കാണ് എത്തിപ്പെട്ടത്. ബാക്കി ജനതയെ രക്ഷിക്കുവാന്‍ മുസ്‌ലിങ്ങളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന തരത്തിലേക്ക് പ്രചാരണങ്ങളെത്തി.

ഹോഷിയാര്‍പുര്‍ പ്രദേശത്തെ മുസ്‌ലിം ഗുജ്ജര്‍ വിഭാഗക്കാര്‍ കാലങ്ങളായി കന്നുകാലികളുമായി പഞ്ചാബില്‍ നിന്നും ഹിമാചല്‍ പ്രാദേശിലേക്കു യാത്രചെയ്യുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ മറുവശത്തെ എതിര്‍പ്പുകാരണം ഇവര്‍ അതിര്‍ത്തിയില്‍ തടയപ്പെട്ടു എന്ന വാര്‍ത്ത വന്നിരുന്നു. അതിര്‍ത്തിക്കപ്പുറം ആള്‍ക്കൂട്ടം അക്രമാസക്തമാകുന്ന അവസ്ഥ വന്നപ്പോഴാണ് പൊലീസ് ഇവരെ തടഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ സോന്‍ നദിക്കരയില്‍ അഭയം തേടേണ്ടി വന്നതിന്റെ ചിത്രങ്ങളും കാണപ്പെട്ടിരുന്നു. നൂറുകണക്കിന് ലിറ്റര്‍ പാലാണ് വഴിമുടക്കിയതോടെ അവര്‍ക്ക് ഒഴുക്കി കളയേണ്ടി വന്നത്.

ബിഹാറിലെ നളന്ദ ജില്ലയിലെ ബിഹാര്‍ഷെരീഫ് ചന്തയില്‍ മുസ്‌ലിം വിഭാഗക്കാരല്ലാത്ത കച്ചവടക്കാരുടെ സാമഗ്രികകള്‍ കൊടികള്‍ കുത്തി എടുത്ത് കാണിച്ചിരുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഉപഭോക്തക്കള്‍ മുസ്‌ലിം കച്ചവടക്കാരുടെ കൂടകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുവാനുള്ള രീതിയായിരുന്നു അത്. ഇത്തരത്തില്‍ വിവിധ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് മുസ്‌ലിം വിഭാഗക്കാര്‍ക്ക് നേരെ സാമൂഹിക ബഹിഷ്‌കരണം രാജ്യത്ത് പലയിടത്തും നടക്കുന്നു എന്നുള്ളതാണ്.

കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നത് മുസ്‌ലിം വിഭാഗക്കാര്‍ക്ക് ഹോസ്പിറ്റലുകളില്‍ ചികിത്സ നിഷേധിക്കുന്ന വാര്‍ത്തകളാണ്. വാരണാസിയിലെ മുസ്‌ലിം കേന്ദ്ര പ്രദേശമായ മദന്‍പുരയില്‍ നിന്നും വന്ന ഫൗസിയ ഷഹീന്‍ എന്ന മുസ്‌ലിം യുവതിക്ക് കടുത്ത പ്രസവ വേദനയുണ്ടായിട്ടും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ശ്രീ സുന്ദര്‍ലാല്‍ ആശുപതി ഉള്‍പ്പടെ ചികിത്സ നിഷേധിക്കുന്ന സംഭവം ഉണ്ടായി.

ആശുപതി മുറ്റത്ത് പ്രസവിക്കേണ്ടി വന്നിട്ടും സുന്ദര്‍ലാല്‍ ആശുപതിയുടെ വാതിലുകള്‍ ഫൗസിയക്കു മുന്നില്‍ തുറന്നില്ല. മുസ്‌ലിംകള്‍ കൊവിഡ് ഇല്ലായെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ചികിത്സ അനുവദിക്കൂ എന്ന് ബോര്‍ഡ് വെച്ച മീററ്റ് ഹോസ്പിറ്റലിനെതിരെ, വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ, പൊലീസിന് കേസെടുക്കേണ്ടി വന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അഹമ്മദാബാദില്‍ മുസ്‌ലിം കോവിഡ് രോഗികള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചതും നമ്മള്‍ കണ്ടതാണ്.

സര്‍ക്കാര്‍ അനുവദിച്ച റേഷനും ധനസഹായവും പോലും മുസ്‌ലിം കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്.

സ്വപ്‌നേപി ചിന്തിക്കാത്ത തരത്തിലുള്ള ആഘാതത്തിലൂടെയാണ് രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഒന്നിച്ചു നിന്നും പരസ്പരം സഹായിച്ചും മാത്രമേ നമുക്ക് ഈ മഹാമാരിയില്‍ നിന്നും കരകയറാന്‍ സാധിക്കുകയുള്ളു. ഭരണകാര്യങ്ങളില്‍ ഒക്കെ പൊതുവെയും, ഈ മഹാമാരിയുമായി ബന്ധപ്പെട്ട് വിശേഷിച്ചും, തങ്ങളുടെ ഇടപെടലുകളില്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും ഞങ്ങള്‍ മുക്തകണ്ഠം പ്രശംസിക്കുന്നു.

കാലങ്ങളായി മുസ്‌ലിം രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്നത് എന്ന് നമ്മള്‍ ഓര്‍ക്കണം. ദശലക്ഷക്കണക്കായ നമ്മുടെ പൗരന്മാര്‍ പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്നുണ്ട് ഈ രാജ്യങ്ങളില്‍. ഈ അടുത്തിടെ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് ഈ രാജ്യങ്ങളൊക്കെയും ആശങ്ക പങ്കുവെച്ചിരുന്നു.

വിവചനരഹിതമായ തീരുമാനങ്ങളും പ്രവര്‍ത്തികളും കൈക്കൊണ്ട് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ടതില്ല എന്നത് നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. മുസ്‌ലിം ഭൂപരിപക്ഷ രാജ്യങ്ങളിലെ നമ്മുടെ പൗരന്മാരെ നിലവിലെ സാഹചര്യം പ്രതികൂലമായി ബാധിക്കുവാതിരിക്കുവാന്‍ അത് ഗുണകരമാകും.

സാമൂഹിക അകലം പാലിക്കുന്നതിലൂടെയും, മാസ്‌ക് ധരിക്കുന്നതിലൂടെയും, കൈകഴുകുന്നതിലൂടെയും നിങ്ങളുടെ സംസ്ഥാനത്തെ ജനത കൃത്യമായി കൊവിഡ് നിയന്ത്രങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് നിങ്ങള്‍ നിരന്തരം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്ത് ഏതങ്കിലും ഒരു വിഭാഗക്കാരിലാണ് കൂടുതല്‍ വൈറസ് ബാധ എന്ന തരത്തിലെ കിംവദന്തികളില്‍ വാസ്തവമില്ല എന്നത് ഊന്നിപ്പറയുകയാണ്. കര്‍ണാടകയിലെ മാണ്ട്യ ചെക്‌പോസ്റ്റിനടുത്ത് മുസ്‌ലിം യുവാക്കള്‍ എന്ന വ്യാജേന വേഷം കെട്ടി വന്നു ഹിന്ദു യുവാക്കള്‍ ഏപ്രില്‍ എട്ടിന് പ്രശ്‌നമുണ്ടാക്കിയത് പോലെയുള്ള സംഭവങ്ങള്‍ കര്‍ണാടക പൊലീസ് ചെയ്തതുപോലെ കര്‍ശനമായി നേരിടേണ്ടതാണ്.

ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട, ഭക്ഷ്യ ധാന്യ വിതരണവുമായി ബന്ധപ്പെട്ടോ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട ഒരു സമുദായവും മാറ്റിനിര്‍ത്തപ്പെടുന്നില്ല എന്നും ആവശ്യക്കാരായുള്ളവര്‍ക്കെല്ലാം തുല്യമായി വിഭവങ്ങള്‍ ലഭ്യമാകുന്നു എന്നും ഉറപ്പാക്കുവാന്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

അതികഠിനമായ ഈ ദേശീയ-അന്തര്‍ദേശീയ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ജനതയ്ക്കുള്ളില്‍ വിടവുകള്‍ അനുവദിക്കാതെ ചേര്‍ത്തുനിര്‍ത്താന്‍ നിങ്ങളിലേക്കാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്.

സത്യമേവ ജയതേ

കടപ്പാട്: ദി വയര്‍

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.