| Friday, 8th May 2020, 5:46 pm

കേരളത്തില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ച് 100ാം ദിവസം; മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്നു, ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജം'; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം ഘട്ട വരവ് ഉണ്ടാവാതിരിക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മൂന്നാം ഘട്ടമായി കൊവിഡ് ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറാം ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തില്‍ തന്നെ രോഗം പടരാതിരിക്കാന്‍ സാധിച്ചു. മാര്‍ച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തിലാണ്. കേരളത്തിനു പുറത്തും വിദേശത്ത് നിന്നുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നെന്നും ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കി. സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്ന ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തില്‍ നിന്ന് വര്‍ധിച്ച തോതില്‍ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും രാജ്യത്ത് ഇതുവരെ 1886 മരണങ്ങള്‍ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ വലിയ തോതില്‍ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകള്‍ പ്രധാനം. കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more