| Sunday, 11th August 2013, 4:34 pm

ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ 10,0000 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: ഭൂമി പലര്‍ക്കും മടുത്തെന്നാണ് തോന്നുന്നത്. ചൊവ്വയില്‍ സ്ഥിരതാമസിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് 10,0000 പേരാണ് ചൊവ്വയിലേക്കുള്ള വണ്‍ വേ ടൂറിന് അപേക്ഷിച്ചിരിക്കുന്നത്.

ചൊവ്വ മനുഷ്യവാസത്തിന് യോഗ്യമാണോ എന്നതില്‍ ഇപ്പോഴും സംശയം നിലനില്‍ക്കേയാണ് താമസിക്കാന്‍ തയ്യാറായി ഇത്രയും പേര്‍ തയ്യാറായിരിക്കുന്നത്.   ദി മാര്‍സ് വണ്‍ പ്രൊജക്ട് എന്നാണ് പദ്ധതിയുടെ പേര്.[]

2022 ഓടുകൂടിയാണ് ചൊവ്വയിലേക്കുള്ള യാത്ര യാഥാര്‍ത്ഥ്യമാവുകയുള്ളൂ. കനത്ത ഫീസാണ് ചൊവ്വാ യാത്രയ്ക്കായി ഈടാക്കുന്നതെങ്കിലും ഇതിന് തയ്യാറായി ആളുകള്‍ എത്തുന്നു എന്നതാണ് ആശ്ചര്യജനകം.

എന്നാല്‍ എത്ര പേര്‍ ഫീസടച്ചുവെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷകരുടെ രാജ്യം നോക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്.

6 ബില്യണ്‍ യു.എസ് ഡോളറാണ് പ്രൊജക്ടിന്റെ മൊത്തം ചിലവ്. 40 പേരെയാണ് തിരഞ്ഞെടുക്കുക. രണ്ട് പുരുഷനും രണ്ട് സ്ത്രീകളുമുള്‍പ്പെടുന്നതാണ് ആദ്യ ബാച്ച്. 2022 സെപ്റ്റംബറില്‍ പുറപ്പെടുന്ന ആദ്യ ബാച്ച് ചൊവ്വയില്‍ എത്തുക 2023 ഏപ്രിലില്‍ ആണ്.

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം നാല് പേരടങ്ങുന്ന മറ്റൊരു സംഘത്തെ അയക്കും. പദ്ധതിയനുസരിച്ച് പോയവരാരും ഒരിക്കലും മടങ്ങി വരില്ല. ചൊവ്വയിലേക്ക് താമസം മാറുന്നവര്‍ക്ക് 8 വര്‍ഷം നീളുന്ന പരിശീലന പരിപാടിയും നല്‍കുന്നുണ്ട്.

ചൊവ്വയില്‍ സ്ഥിരതമാസത്തിനായുള്ള ഒരുക്കങ്ങളാണ് പരിശീലനത്തില്‍ ഉണ്ടാകുക. അസുഖങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പരിശീലനത്തില്‍ ഉണ്ടാകും.

ഓരോ യാത്രികനും ചൊവ്വയില്‍ ഉപയോഗിക്കാവുന്ന 5,511 പൗണ്ട് വസ്തുക്കളുമായാണ് ചൊവ്വയില്‍ ഇറങ്ങുക.

എന്നാല്‍ ഇത്രയും വലിയ പദ്ധതിയുടെ അപകടത്തെ കുറിച്ചും മുന്നറിയിപ്പുകള്‍ ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more