World News
പ്രളയത്തിൽ ഡാമുകൾ തകർന്നു; ലിബിയയിൽ 10,000 പേരെ കാണാതായി
ഡെർണോ: പ്രളയത്തിൽ ഡാമുകൾ തകർന്നതോടെ ലിബിയയിൽ 10,000ത്തിലധികം ആളുകളെ കാണാതായി.
ഇതുവരെ 700 മൃതശരീരങ്ങൾ കണ്ടെത്തി സംസ്കരിച്ചുവെന്ന് കിഴക്കൻ ലിബിയയിലെ ആരോഗ്യ മന്ത്രി അറിയിച്ചു.
ഇതുവരെ 2,300 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഡെർണയിലെ ആംബുലൻസ് അധികൃതർ പറയുന്നത്. എന്നാൽ മരണസംഖ്യ ഇതിലും വളരെ കൂടുതലാകാമെന്ന് ലിബിയയിലെ റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസെന്റ് സൊസൈറ്റി പ്രതിനിധി താമർ റമദാൻ പറഞ്ഞു.
10,000 പേരെയെങ്കിലും കാണാതായിട്ടുണ്ട് എന്ന് ജനീവയിൽ നടന്ന യു.എൻ യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ ഭൂചലനത്തിൽ ഉണ്ടായ ദുരന്തത്തിന് സമാനമാണ് ലിബിയയിലേത് എന്നും റമദാൻ പറഞ്ഞു.
ഞായറാഴ്ച രാത്രി മെഡിറ്ററേനിയൻ കൊടുങ്കാറ്റ് ഡാനിയേൽ തീരത്തെത്തിയതോടെയാണ് ഡെർണ ഉൾപ്പെടെയുള്ള കിഴക്കൻ ലിബിയയിലെ പ്രദേശങ്ങളിൽ നാശമുണ്ടായത്. വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് അണക്കെട്ടുകൾ തകർന്നു എന്ന് മനസ്സിലായതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന്, നഗരത്തിലൂടെ ഒഴുകുന്ന വാദി ഡെർണ നദിയിൽ നിന്ന് പ്രളയമുണ്ടായി ഡെർണ നഗരം വെള്ളത്തിലായി.
നദിക്ക് ഇരുവശവും ഉണ്ടായിരുന്ന കെട്ടിടങ്ങളും പൂർണമായും തകർന്ന് മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നദിയിൽ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്തിരുന്ന ബഹുനിലക്കെട്ടിടങ്ങളുടെ മുൻഭാഗം പറന്നു പോയി, കോൺക്രീറ്റ് നിലം പൂർണമായും തകർന്നു.
കിഴക്കൻ ലിബിയയിലെ അധികാരികൾക്ക് സംഭവസ്ഥലത്ത് എത്താൻ സാധിക്കാത്തതിനാൽ 90,000 നഗരവാസികൾ ഒറ്റപ്പെട്ടു. ചൊവ്വാഴ്ച കിഴക്കൻ മേഖലയിലെ സർക്കാർ നഗരത്തിലെത്തി.
ഡെർണയിലെ ആശുപത്രി പരിസരത്ത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ ഫൂട്ടേജുകൾ പ്രചരിക്കുന്നുണ്ട്. ഒരുപാട് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുകയോ മെഡിറ്ററേനിയൻ കടലിലേക്ക് ഒലിച്ചുപോകുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വാദി ഡെർണയിലെ രണ്ട് ഡാമുകൾ തകർന്നത് ഒരു ദശാബ്ദത്തിലേറെയായി തർക്കം നടക്കുന്ന ലിബിയയുടെ അടിസ്ഥാന സംവിധാനങ്ങളിലെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. എണ്ണ ഉത്പാദന രാജ്യമായ ലിബിയ കിഴക്ക്, പടിഞ്ഞാറ് എന്നീ എതിരാളി ഭരണകൂടങ്ങളായി വിഭജിച്ചിരിക്കുന്നു. ഇരുവരെയും വ്യത്യസ്ത സേനകളും വിദേശ രാജ്യങ്ങളും പിന്തുണക്കുന്നു.
Content Highlight: 10,000 people reported missing and thousands feared dead as eastern Libya is devastated by floods