ബെംഗളുരു: കര്‍ണാടകയിലെ ബദാമിയിലെ ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നിന്നും 1000ത്തിലേറെ പോസ്റ്റല്‍ ബാലറ്റ് കവറുകള്‍ പിടിച്ചെടുത്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ കൈവശംവെച്ചിരുന്ന കവറുകളാണ് പിടിച്ചെടുത്തത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് പോസ്റ്റല്‍ കവറുകള്‍ പിടിച്ചെടുത്തത്.
Also Read:കര്‍ണാടകയില്‍ 2008ലെ ‘ഓപ്പറേഷന്‍ കമല’ ആവര്‍ത്തിക്കാന്‍ ബി.ജെ.പി; അത് ഇത്തവണ നടപ്പില്ലെന്ന് ജെ.ഡി.എസ്
ബി.ജെ.പി പ്രവര്‍ത്തകര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ റോള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ മത്സരിച്ച മണ്ഡലമായിരുന്നു ബദാമി. തെരഞ്ഞെടുപ്പു കമ്മീഷന്‍ വിഷയത്തില്‍ നടപടിയെടുക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം ചോദിക്കുന്നത്. “നിരാശരായ ബി.ജെ.പി, അവരുടെ തന്ത്രങ്ങളും. ഒരാള്‍ക്ക് എത്ര തരംതാഴാം? തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം ശ്രദ്ധിക്കുമോ?” കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിക്കുന്നു.
“സിദ്ധരാമയ്യ മത്സരിച്ച ബദാമിയാണ് ഇത് സംഭവിച്ചത്. അപ്പോള്‍ മറ്റുമണ്ഡലങ്ങളിലേത് പറയേണ്ടതില്ലല്ലോ. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. കുറ്റമറ്റ തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാവും.” മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ജോതിമണി കുറിക്കുന്നു.