| Tuesday, 21st February 2017, 1:32 pm

1000 രൂപയുടെ അച്ചടി തുടങ്ങി; ഉടന്‍ വിതരണത്തിനെത്തുമെന്ന് റിസര്‍വ് ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1000 രൂപയുടെ പുതിയ സീരിസിലുള്ള നോട്ടുകള്‍ ഉടന്‍ തന്നെ വിതരണത്തിനായി എത്തുമെന്ന് ആര്‍.ബി.ഐ. പുതിയ നോട്ടിന്റെ അച്ചടി ആരംഭിച്ച് കഴിഞ്ഞെന്നും വൈകാതെ തന്നെ നോട്ട് ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും ആര്‍.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ തന്നെ പുതിയ സീരീസിലുള്ള 1000 രൂപയുടെ അച്ചടി ആരംഭിച്ചിരുന്നു. ജനുവരിയില്‍ പുതിയ നോട്ട് പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 500 രൂപ നോട്ടിന്റെ ആവശ്യകത കൂടിയതും കൂടുതല്‍ അച്ചടി അതിന് വേണ്ടി വന്നതുമാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ എത്താന്‍ താമസിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം 1000 രൂപയുടെ നോട്ട് എന്ന് വിപണിയിലെത്തുമെന്ന കാര്യം ഇദ്ദേഹം വ്യക്തമാക്കിയില്ല.


Dont Miss നടിയെ ആക്രമിച്ചത് ഏത് ദൈവമാണെങ്കിലും പിടികൂടും ; മാളത്തിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി എ.കെ ബാലന്‍


500 ന്റേയും 1000 ന്റേയും നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 500 ന്റേയും 2000 ത്തിന്റയും നോട്ടുകളായിരുന്നു റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 15.44 ലക്ഷം കോടി നോട്ടുകളായിരുന്നു ആര്‍.ബി.ഐ പിന്‍വലിച്ചത്. ജനുവരി 27 ആയപ്പോഴേക്കും 9.92 ലക്ഷം കോടി നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കിയതായി ആര്‍.ബി.ഐ അവകാശപ്പെടുന്നു.

ഫെബ്രുവരി 20 മുതല്‍ ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50000 ആയി ഉയര്‍ത്തിയിരുന്നു. 24000 ആയിരുന്നു ഇതുവരെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി. മാര്‍ച്ച് 13 മുതല്‍ പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി ഉണ്ടാവില്ലെന്നും ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. 1000 രൂപയുടെ നോട്ടിന്റെ വരവോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പരിഹരിക്കപ്പെടുമെന്നും ആര്‍.ബി.ഐ പറയുന്നു.

We use cookies to give you the best possible experience. Learn more