| Monday, 21st October 2024, 12:25 pm

1000 Babies| ആദ്യ എപ്പിസോഡില്‍ സ്‌കിപ്പ് ചെയ്യേണ്ട; വെടിക്കെട്ട് ത്രില്ലറാണ് ഈ സീരീസ്

വി. ജസ്‌ന

സിനിമകളെ മാത്രമല്ല ഇന്ന് വെബ് സീരീസുകളെയും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ് മലയാളികള്‍. അതുകൊണ്ട് തന്നെയാകാം മലയാളത്തില്‍ തുടര്‍ച്ചയായ സീരീസുകളെത്തുന്നത്. അന്യഭാഷകളിലെ വെബ് സീരീസുകള്‍ മാത്രം കണ്ടിരുന്ന മലയാളികള്‍ക്ക് ഇന്ന് സ്വന്തം ഭാഷയില്‍ മികച്ച വെബ് സീരീസുകളുണ്ട്.

വ്യത്യസ്തമായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സീരീസുകളാണ് മിക്കതും. നടന്‍ റഹ്‌മാന്‍ നായകനായി ഏറ്റവും പുതുതായി പുറത്തിറങ്ങി വെബ് സീരീസാണ് ‘1000 ബേബീസ്’. ഹോട്ട്‌സ്റ്റാറില്‍ നിന്നുള്ള മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് ഇത്.

1000 ബേബീസ്:

സാറ ഔസേപ്പ് എന്ന സ്ത്രീയില്‍ നിന്നാണ് ഈ സീരീസ് തുടങ്ങുന്നത്. വളരെ നിഗൂഢതകള്‍ നിറഞ്ഞ വ്യക്തിയാണ് സാറയെന്ന് ആദ്യ എപ്പിസോഡിലൂടെ തന്നെ വ്യക്തമാണ്. അവരിലെ നിഗൂഢതകള്‍ എത്രത്തോളം ഉണ്ടെന്ന് ആ എപ്പിസോഡില്‍ തന്നെ കാണിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ഹാലുസിനേഷനുകളും മറ്റും കാണിക്കുമ്പോള്‍ വല്ലാത്ത വലിച്ചു നീട്ടലുകള്‍ പ്രകടമാകാം.

ആദ്യ എപ്പിസോഡിലെ ഈ വലിച്ചു നീട്ടല്‍ വല്ലാതെ മടുപ്പ് തോന്നിപ്പിക്കുന്നതാണ്. എന്നാല്‍ ആദ്യ എപ്പിസോഡ് മാത്രം കണ്ട് ഈ സീരീസ് കാണേണ്ടെന്ന് തീരുമാനിച്ചാല്‍ അത് ഒരുപക്ഷെ വലിയ നഷ്ടമാകും. കാരണം പിന്നീടങ്ങോട്ടുള്ള ഓരോ എപ്പിസോഡുകളും സസ്‌പെന്‍സും മിസ്റ്ററിയും നിറഞ്ഞവയാണ്.

സാറ ഔസേപ്പ്:

ആലപ്പുഴയിലെ ബീച്ച് ഹോസ്പിറ്റലില്‍ ഹെഡ് നഴ്‌സായി വര്‍ഷങ്ങളോളം ജോലി ചെയ്ത് വിരമിച്ച ആളാണ് സാറ ഔസേപ്പ് എന്ന സാറാമ്മച്ചി. റിട്ടയര്‍ ജീവിതം നയിക്കുന്ന സാറയെ കാണിച്ചു കൊണ്ടാണ് 1000 ബേബീസിന്റെ കഥ തുടങ്ങുന്നത്.

റബ്ബര്‍ തോട്ടങ്ങള്‍ക്ക് നടുവിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് സാറയും മകന്‍ ബിബിനും താമസിക്കുന്നത്. തന്റെ മുറിയിലെ ചുമരില്‍ പെര്‍മനെന്റ് മാര്‍ക്കര്‍ കൊണ്ട് എന്തൊക്കെയോ കുറിച്ചിടുന്ന സാറാമ്മയെ തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട്.

വളരെ വിചിത്രമായ പെരുമാറ്റം കാരണം മറ്റുള്ളവര്‍ക്ക് സാറ മനോനില തെറ്റിയ സ്ത്രീയാണ്. എന്നാല്‍ മകന്‍ ബിബിന് അമ്മച്ചി ഏറെ പ്രിയപ്പെട്ടതാണ്. പക്ഷെ പിന്നീടാണ് ബിബിനെയും ഒരു വലിയ കൂട്ടം ആളുകളെയും തകര്‍ക്കാന്‍ സാധിക്കുന്ന രഹസ്യമാണ് സാറാമ്മ തന്റെ ചുമരില്‍ കുറിച്ചിട്ടതെന്ന് വ്യക്തമാകുന്നത്.

മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ ഒരു കുമ്പസാരമെന്നോണം സാറാമ്മ പൊലീസ് ഓഫീസര്‍ക്കും മജിസ്‌ട്രേറ്റിനുമായി രണ്ട് രഹസ്യ കത്തുകള്‍ നല്‍കുന്നുണ്ട്. ഒരുപാട് ആളുകളെ ബാധിക്കുമെന്നതിനാല്‍ തങ്ങള്‍ അറിഞ്ഞ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസുകാരനും മജിസ്‌ട്രേറ്റും മടിക്കുകയാണ്.

എന്നാല്‍ അവര്‍ക്ക് മുമ്പ് ഈ രഹസ്യങ്ങള്‍ മനസിലാക്കിയ ഒരാള്‍ കൂടെ ഉണ്ടായിരുന്നു. അയാള്‍ നടത്തുന്ന ക്രൈമുകളാണ് പിന്നീട് സീരീസിലൂടെ പറയുന്നത്. ഈ കുറ്റകൃത്യങ്ങളുടെ അന്വേഷണം ഒടുവില്‍ സി.ഐ. അജി കുര്യനില്‍ എത്തുകയാണ്.

മികച്ച വെബ് സീരീസ്:

നജീം കോയ സംവിധാനം ചെയ്ത ഈ സീരീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനും അറൗസ് ഇര്‍ഫാനും ചേര്‍ന്നാണ്. തുടക്കത്തിലെ വലിച്ചു നീട്ടല്‍ മാറ്റി നിര്‍ത്തിയാല്‍ മികച്ച ത്രില്ലര്‍ സീരീസ് നല്‍കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെന്ന് പറയാം.

ഇതിന് മുമ്പ് ഹോട്ട്‌സ്റ്റാറില്‍ ഇറങ്ങിയിട്ടുള്ള കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നീ വെബ് സീരീസുകളുടെ ഴോണറുകളില്‍ നിന്ന് മാറി തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 ബേബീസ്’നുള്ളത്.

മലയാളത്തില്‍ വന്ന വെബ് സീരീസുകളില്‍ വ്യത്യസ്തമായ ഒരു ശ്രമമെന്ന രീതിയില്‍ ഈ സീരീസിനെ കാണാവുന്നതുമാണ്. നടന്‍ റഹ്‌മാന്റെ കരിയറിലെ ആദ്യ വെബ് സീരീസ് കൂടെയാണ് ‘1000 ബേബീസ്’. റഹ്‌മാന് പുറമെ നീന ഗുപ്തയും സഞ്ജു ശിവറാമും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഏഴ് എപ്പിസോഡുകളുള്ള ഈ സീരീസ് പ്രേക്ഷകരില്‍ ആകാംക്ഷയും സസ്‌പെന്‍സും നിറച്ചാണ് മുന്നോട്ടു പോവുന്നത്.

Content Highlight: 1000 Babies, A Good Thriller Web Series In Malayalam

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more