| Wednesday, 31st May 2023, 11:59 pm

രാജസ്ഥാനില്‍ 100 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍; ഇന്ധന സര്‍ചാര്‍ജും ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചിരിക്കുന്നത്.

‘ജനങ്ങളുമായി സംസാരിച്ചതിന് ശേഷം വൈദ്യുതി ബില്ലിലെ ഇളവില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. മെയ് മാസത്തിലെ വൈദ്യുതി ബില്ലിലെ ഇന്ധന സര്‍ചാര്‍ജ് സംബന്ധിച്ചും ജനങ്ങളില്‍ നിന്നും നിര്‍ദേശം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ബില്ല് അടക്കേണ്ടതില്ലെന്നും ഗെഹ്‌ലോട്ട് അറിയിച്ചു. ആദ്യ 100 യൂണിറ്റ് വൈദ്യുതി പൂര്‍ണമായും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബില്ലെത്ര വന്നാലും ആദ്യത്തെ 100 യൂണിറ്റിന് വൈദ്യുതി ചാര്‍ജൊന്നും നല്‍കേണ്ടി വരില്ല. ഇതോടെ 200 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും. 200 യൂണിറ്റ് വരെ ഫിക്‌സഡ് ചാര്‍ജുകളും ഇന്ധന സര്‍ചാര്‍ജും മറ്റ് ചാര്‍ജുകളും ഒഴിവാക്കും,’ ഗെഹ്‌ലോട്ട് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെപിയും സംസ്ഥാനത്ത് സജീവമായുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്ത് റാലി നടത്തി. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് റാലിയില്‍ പ്രധാനമന്ത്രി ഉന്നയിച്ചത്. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു.

Contenthighlight: 100 unit free electricity announced in rajasthan

We use cookies to give you the best possible experience. Learn more