| Wednesday, 19th October 2016, 2:59 pm

ഭീകരരെ വിട്ട് തിരിച്ചുവരുന്നില്ലെന്ന് ബൊക്കോ ഹറാമിന്റെ തടവില്‍ കഴിയുന്ന 100ഓളം പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെണ്‍കുട്ടികളെ മോചിപ്പിച്ചതിനു പകരമായി നാല് ബൊക്കോ ഹറാം ഭീകരരെ നൈജീരിയന്‍ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബാക്കിയുള്ള പെണ്‍കുട്ടികളെക്കൂടി മോചിപ്പിക്കാനുള്ള കൂടിയാലോചനങ്ങള്‍ നടന്നത്.


ലാഗോസ്: രണ്ടുവര്‍ഷം മുമ്പ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ മുഴുവന്‍ പെണ്‍കുട്ടികളെയും മോചിപ്പിക്കാനുള്ള നൈജീരിയന്‍ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. തടവില്‍ കഴിയുന്ന നൂറോളം പെണ്‍കുട്ടികള്‍ ബൊക്കോ ഹറാം ഭീകരരില്‍ നിന്നു വിട്ടുപോരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഭീകരവാദികള്‍ക്കൊപ്പം ജീവിച്ച് മനംമാറ്റം വന്നതുകൊണ്ടോ അല്ലെങ്കില്‍ തിരികെ വീട്ടില്‍ വന്നാല്‍ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള മടികൊണ്ടോ ആണ് പെണ്‍കുട്ടികള്‍ തിരിച്ചുവരാന്‍ തയ്യാറാകാത്തതെന്നാണ് വിലയിരുത്തല്‍. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ പലരെയും ഭീകരര്‍ ബലംപ്രയോഗത്തിലൂടെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ചിലര്‍ക്ക് കുട്ടികളുമുണ്ടെന്നാണ് ചിബോക് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പോഗു ബേര്‍ട്ടസ് പറയുന്നത്.

നൈജീരിയന്‍ സര്‍ക്കാറും ബൊക്കോ ഹറാം തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ 21 പെണ്‍കുട്ടികളെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. നൈജീരിയയില്‍ ഇവര്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കാന്‍ ഇടയുള്ളതിനാല്‍ ഇവരെ വിദേശത്ത് പഠിപ്പിക്കുമെന്നും ബേര്‍ട്ടസ് വ്യക്തമാക്കി.

പെണ്‍കുട്ടികളെ മോചിപ്പിച്ചതിനു പകരമായി നാല് ബൊക്കോ ഹറാം ഭീകരരെ നൈജീരിയന്‍ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബാക്കിയുള്ള പെണ്‍കുട്ടികളെക്കൂടി മോചിപ്പിക്കാനുള്ള കൂടിയാലോചനങ്ങള്‍ നടന്നത്.

എന്നാല്‍ തടവിലുള്ള 200ഓളം പേരില്‍ നൂറോളം പേര്‍ തങ്ങള്‍ മടങ്ങിവരുന്നില്ലെന്ന് അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

2014 ഏപ്രിലില്‍ ചിബോക്കിലെ ഒരു സ്‌കൂളില്‍ നിന്നും 276 പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഒരു ഡസനോളം പേര്‍ നേരത്തെ തന്നെ രക്ഷപ്പെട്ടിരുന്നു. ഒരു ഡസണോളം പേര്‍ ഭീകരരുടെ തടവില്‍വെച്ച് മരിച്ചെന്നും ബേര്‍ട്ടസ് പറയുന്നു.

We use cookies to give you the best possible experience. Learn more