ചെന്നൈ: തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജനുവരി 11 മുതലാണ് തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായത്.
ഇതോടെ പൊങ്കല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് നൂറ് ശതമാനം സീറ്റുകളിലും കാണികളെ ഇരുത്താന്‍ തിയേറ്ററുകള്‍ക്ക് കഴിയും. കൊവിഡില്‍ തകര്‍ന്ന തിയേറ്റര്‍ വ്യവസായത്തിന് ഇത് ഗുണകരമാവുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതികരണം.
എന്നാല്‍ കൊവിഡ് ഉയര്‍ത്തുന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയെ സന്ദര്‍ശിച്ചിരുന്നു.
തന്റെ പുതിയ ചിത്രമായ മാസ്റ്ററിന് വേണ്ടി സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനും തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്നതിന് അഭ്യര്‍ത്ഥിക്കാനുമാണ് വിജയ് ചെന്നതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
എന്നാല്‍ വിജയ് തന്നെ വന്ന് കണ്ടത് മാസ്റ്ററിനെ കുറിച്ച് സംസാരിക്കാന്‍ ആല്ലായിരുന്നെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് തമിഴ് സിനിമ പൂര്‍ണമായും പ്രതിസന്ധിയിലാണെന്നും ചലച്ചിത്ര മേഖലയെ സഹായിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്.
ചലച്ചിത്ര മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും വിജയ് സംസാരിച്ചുവെന്നും ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ കയറ്റണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചിരുന്നു. നിലവില്‍ 50 ശതമാനം ആളുകളെയാണ് തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നത്. വിജയ് മുന്നോട്ട് വെച്ച് ആവശ്യങ്ങള്‍ ഉടനെ പരിഗണിക്കുമെന്ന് മന്ത്രി കടമ്പൂര്‍ രാജു മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 13നാണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക