ന്യൂദല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ തള്ളിയ മോദി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നു. മോദി സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിക്കാന്‍ വ്യാഴാഴ്ച സുപ്രീം കോടതി അഭിഭാഷകര്‍ അസാധാരണ യോഗം വിളിച്ചുചേര്‍ത്തതോടെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ മറ്റൊരു പ്രതിസന്ധിയിലെത്തിയിരിക്കുകയാണ്.
“സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയെ തള്ളിയ ഭരണകൂടത്തിന്റെ നടപടിയില്‍ അതൃപ്തിയും എതിര്‍പ്പും അറിയിച്ച് ” സുപ്രീം കോടതിയിലെ 100ഓളം മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന് ഹര്‍ജി നല്‍കി.
പ്രസിഡന്റ് രാം നാഥ് കോവിന്ദിനോട് ഇരു ജഡ്ജിമാരുടെയും നിയമനം അംഗീകരിച്ച് ഉത്തരവ് ഇറക്കാന്‍ ആവശ്യപ്പെടുന്നതാണ് നൂറു അഭിഭാഷകര്‍ ഒപ്പിട്ട പരാതി.
Also Read: ജഡ്ജ് ലോയ കേസ് അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍
“സര്‍ക്കാറിന്റെ വിവേചനപരമായ നിലപാടിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സുപ്രീം കോടതി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.” എന്നാണ് പരാതിയില്‍ പറയുന്നത്.
അതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ് രംഗത്തുവന്നതും വിവാദമായിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാദം. മോദി സര്‍ക്കാറിന് അനുകൂലമായ രീതിയില്‍ മുന്‍വിധിയോടെ ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് ഇതോടെ ശക്തിപകര്‍ന്നിരിക്കുകയാണ്.
നിലവില്‍ ഉത്തരാഖഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം ജോസഫിനെ തള്ളിയും ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തതിനെ അംഗീകരിച്ചുമുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാര്‍ തീരുമാനം കെ.എം ജോസഫ് തള്ളിയിരുന്നു. ഇതിനു പ്രതികാര നടപടിയായാണ് കെ.എം ജോസഫിന്റെ നിയമനത്തെ തള്ളിയത് എന്നാണ് വിലയിരുത്തല്‍.