| Saturday, 11th April 2020, 9:15 pm

ഛത്തിസ്ഗഢ് 'തബ്ലീഗ് ലിസ്റ്റില്‍' 100 പേരും 'ഹിന്ദുക്കള്‍'; പട്ടികയിലുള്ളവര്‍ക്കെതിരെ അപവാദപ്രചാരണവും ബഹിഷ്‌ക്കരണവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധമുണ്ടെന്ന് പറഞ്ഞു 159 പേര്‍ക്കാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ ഈ കഴിഞ്ഞ ആഴ്ച്ച സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍ ആണെന്ന് ദി പ്രിന്റ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു. പേരുപറയാന്‍ സാധിക്കാത്ത ഏറ്റവും കുറഞ്ഞത് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിച്ച 159 പേരില്‍ 100 പേരില്‍ കൂടുതല്‍ ഹിന്ദുക്കള്‍ ആണെന്ന് സ്ഥിരീകരിച്ചു.

ദല്‍ഹി നിസാമുദീനില്‍ മാര്‍ച്ചു മാസത്തില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നപ്പോള്‍ അവിടെയും പരിസരത്തും ഉണ്ടായിരുന്നവര്‍ എന്നപേരിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് 159 പേരുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ വ്യക്തികളുടെ പേരുവിവരങ്ങള്‍ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ റായ്പ്പൂര്‍ കളക്ടറായ എസ്. ഭാരതി ദാസനും സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത സാഹുവും അത്തരം ഒരു ലിസ്റ്റ് തന്നെ നിഷേധിക്കുന്നു.

എന്നാല്‍ പേരുപറയാന്‍ സാധിക്കാത്ത സംസ്ഥാന ആഭ്യന്തര വകുപ്പിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രിന്റിനോട് പറയുന്നത് ഇപ്രകാരമാണ്: ‘തബ്ലീഗി ജമാഅത്ത് സമ്മേളന സമയത് നിസാമുദീനിലും പരിസരത്തും ഉണ്ടായിരുന്ന മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് പട്ടിക തയാറാക്കിയത്. ശേഷം എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ലിസ്റ്റ് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.’

മാര്‍ച്ച് 31 മുതല്‍ സ്വന്തം വീടുകളിലോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളിലോ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ് ഈ 159 പേരും.

പട്ടികയില്‍ പേരുള്ള വ്യക്തികളെ പ്രിന്റ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു എന്ന ആരോപണം അവര്‍ എല്ലാവരും നിഷേധിച്ചു. വിദേശികള്‍ ഉള്‍പ്പടെ മൂവായിരത്തില്‍ അധികം ആളുകളാണ് നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.

‘തബലീഗുമായി ബന്ധിപ്പിച്ച്’ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ കടുത്ത സാമൂഹിക ബഹിഷ്‌ക്കരണത്തിനു ഇരയാകുന്നതായി അവരില്‍ പലരും ആരോപിക്കുന്നു.

‘കുറ്റവാളികളെ പോലെ പെരുമാറുന്നു’

നിസാമുദീന്‍ പരിസരത്തു മൊബൈല്‍ ലൊക്കേഷന്‍ കാണിച്ചു എന്നത് സമ്മേളനത്തില്‍ പങ്കെടുത്തു എന്നതിന് എങ്ങനെ തെളിവാകും എന്ന് സമ്പര്‍ക്കവിലക്കില്‍ പ്രവേശിക്കപ്പെട്ടവര്‍ ചോദിക്കുന്നു.

‘എന്റെ അയല്‍ക്കാര്‍ക്കൊക്കെ എന്റെ കുടുംബത്തോട് തന്നെ ദേഷ്യം ആയിത്തുടങ്ങി. മാര്‍ച്ച് 31 നു ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമായി അഞ്ഞൂറില്‍പ്പരം ആളുകള്‍ എന്നെ ഫോണ്‍ ചെയ്തിട്ടുണ്ടാകും. അവരോടൊക്കെയും ഞാന്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല എന്ന് ബോധ്യപ്പെടുത്തേണ്ടി വന്നു,’ അംബികാപൂര്‍ സ്വദേശിയായ ഉമേഷ് പാണ്ഡെ പറയുന്നു.

ഉപഭോകൃ അവകാശ പ്രവര്‍ത്തകനായ പാണ്ഡെ തുടരുന്നു: ‘എന്റെ വീടിനടുത്തുള്ളവര്‍ ഇപ്പോള്‍ പറയുന്നത് കുറച്ചു ബ്രാഹ്മണരും ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നാണ്. സമ്പര്‍ക്ക വിലക്കില്‍ ആകുന്നതിനു എനിക്ക് യാതൊരു എതിര്‍പ്പും ഇല്ല, എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നെങ്കിലും പറയേണ്ടതില്ലേ?’.

എല്ലാ വര്‍ഷവത്തെയും പോലെ ഉപഭോക്തൃ അവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനാണ് പാണ്ഡെ ദല്‍ഹിയില്‍ എത്തിയത്. നിസാമുദീനിലെ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു.

‘മാര്‍ച് 17 ന് ഞാന്‍ തിരികെയെത്തി. സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിച്ചതിനു ശേഷം ഇപ്പോള്‍ പരക്കുന്ന കഥ ഞാന്‍ തബ്ലീഗി ജമാഅത്തുമായി സഹകരിക്കുന്നയാളാണ് എന്നാണ്,’ പാണ്ഡെ പറഞ്ഞു.

തന്റെ കുടുംബത്തെ ഇപ്പോള്‍ കുറ്റവാളികളെ പോലെയാണ് ആളുകള്‍ കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബിലാസ്പുര്‍ ജില്ലയില്‍ നിന്നുമുള്ള കമല്‍ കുമാര്‍ പോപട്ടാണിക്കും സമാനമായ പ്രശ്‌നങ്ങളാണ്. മാര്‍ച് 31 മുതല്‍ അദ്ദേഹത്തിന്റെ കുടുബവും സാമൂഹികമായി ഒറ്റപ്പെട്ട അവസ്ഥയില്‍ ആണ് കഴിയുന്നത്.

‘സര്‍ക്കാരിന്റെ ഈ തീരുമാനം സത്യത്തില്‍ വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയത്. ഞാന്‍ കടയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ദല്‍ഹി സന്ദര്‍ശിക്കുക സാധാരണമാണ്. ഇത്തവണയും സാധനമൊക്കെ വാങ്ങി മാര്‍ച്ച് 16 നു തന്നെ തിരികെ എത്തിയിരുന്നു. മാര്‍ച്ച് 30 വരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പോകുകയും ആയിരുന്നു. എന്നാല്‍ 31 നു 159 പേരുടെ ലിസ്റ്റ് സര്‍ക്കാര്‍ പുറത്തു വിടുന്നു. ഞാനും അതില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു,’ കമല്‍ കുമാര്‍ പറഞ്ഞു.

‘എന്റെ കുടുംബക്കാരും, പരിചയമുള്ളവരും എല്ലാം തന്നെ ഞാന്‍ തബ്ലീഗി ജമാഅത്ത് അംഗമാണ് എന്നാണ് പറയുന്നത്. ഇതെങ്ങനെയാണ് സാധ്യമാകുക. സര്‍ക്കാരിന്റെ ഈ അസാധാരണമായ സമീപനം ഞങ്ങളുടെ കുടുംബത്തെ മുഴുവന്‍ സാമൂഹിക ബഹിഷ്‌ക്കരണത്തിനു ഇരയാക്കാന്‍ മാത്രമാണ് സഹായിച്ചത്,’ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സമാനമായ കഥയാണ് ബിലാസ്പുരിലെ ലുത്ര ശരീഫ് എന്ന സ്ഥലത്തെ കച്ചവടക്കാരനായ അബ്ദുര്‍റഹ്മാനും പറയുവാനുള്ളത്.

മാര്‍ച്ച് 15 നു ആണ് അബ്ദുറഹ്മാനും കുടുംബവും ദല്‍ഹിയില്‍ നിന്നും നാട്ടില്‍ എത്തുന്നത്. എന്നാല്‍ മാര്‍ച്ച് 31 നു, അവരെ ഒന്നാകെ സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിച്ചു.

‘എനിക്കിതൊന്നും മനസിലാക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല. കുടുംബത്തിന്റെ എല്ലാം രക്ത സാമ്പിളുകള്‍ ഒക്കെ എടുത്തുകൊണ്ട് പോയി. ഇപ്പോ ഞങ്ങളെ ‘കൊറോണക്കാര്‍’ എന്ന് വിളിച് എല്ലാവരും അകറ്റി നിര്‍ത്തുകയാണ്,” അബ്ദുറഹ്മാന്‍ പറഞ്ഞു. കുടുംബവുമൊത്ത് അവധി ചെലവഴിക്കാന്‍ ദല്‍ഹിയില്‍ പോയതായിരുന്നു അബ്ദുറഹ്മാന്‍.

‘എന്റെ ഗ്രാമക്കാര്‍ മാത്രമല്ല, അകെലെ ഉള്ളവര്‍ പോലും ഞങ്ങളെ കുറ്റക്കാരായി കാണുന്നു. സത്യത്തില്‍ ഞങ്ങള്‍ തബ്ലീഗി ജമാഅത്തിന്റെ കടുത്ത വിമര്‍ശകര്‍ ആണ്. അവരുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ഈ സമ്പര്‍ക്ക വിലക്ക് ഇങ്ങനെയൊക്കെ ആക്കി തീര്‍ത്തു,” അബ്ദുറഹ്മാന്‍ പറഞ്ഞു നിര്‍ത്തുന്നു.

മറ്റൊരു അപാകത

സര്‍ക്കാര്‍ ലിസ്റ്റിലെ വീഴ്ചകള്‍ വീണ്ടുമുണ്ട്. ഛത്തീസ്ഗഡില്‍ നിന്നും പണ്ട് സിം കണക്ഷന്‍ എടുക്കുകയും സംസ്ഥാനത്തു ഇപ്പോള്‍ താമസം ഇല്ലാത്തവരും ലിസ്റ്റില്‍ കയറികൂടിയിട്ടുണ്ട്.

ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ആയ ശാന്തനു മുഖര്‍ജീ അങ്ങനെ പെട്ടയാളാണ്. രണ്ടു വര്‍ഷം മുന്‍പ് ഭിലായില്‍ ജോലിചെയ്തിരുന്ന മുഖര്‍ജി നിലവില്‍ ദല്‍ഹിയില്‍ ആണ്.

‘ഇതെവിടുത്തെ ലിസ്റ്റാണ്? ആരാണ് ഇത് തയാറാക്കിയത് ? എന്നെ ഛത്തിസ്ഗഢ് കോവിഡ് 19 കണ്‍ട്രോള്‍ സെന്ററില്‍ നിന്നും പൊലീസില്‍ നിന്നും ബന്ധപ്പെട്ടിരുന്നു. അവര് എന്റെ ആരോഗ്യ വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചിരുന്നു,’ മുഖര്‍ജി പറഞ്ഞു. നിലവില്‍ നിസാമുദീന് സമീപമാണ് മുഖര്‍ജിയുടെ ഓഫിസ്.

സി.ആര്‍.പി.എഫ് സബ്.ഇന്‍സ്‌പെക്ട്ടര്‍ ആയ മഖാന്‍ യാദവും ഇതേ അവസ്ഥയില്‍ ആണ്. നിസാമുദീന് സമീപം നിലവില്‍ ഓഫീസുള്ള യാദവ് അഞ്ച് വര്‍ഷം മുന്‍പ് ദന്തെവാഡയില്‍ നിന്നായിരുന്നു സിം എടുത്തിരുന്നത്.

‘കൊറോണ സംശയിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ദല്‍ഹി പോലീസില്‍ നിന്നും ഛത്തിസ്ഗഢ് പൊലീസില്‍ നിന്നും ബന്ധപ്പെട്ടിരുന്നു. ഞാന്‍ അവരോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നുപോലും എനിക്ക് മനസിലാകുന്നില്ല,” ഉത്തര്‍ പ്രദേശിലെ റാംപൂര്‍ സ്വദേശിയായ യാദവ് പറഞ്ഞു.

ദല്‍ഹി യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെയും ഇത്തരത്തില്‍ മഹാസമുന്ദ് ജില്ലയിലെ പ്രാദേശിക ഗവണ്‍മെന്റ് ആസ്പത്രീയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തിസ്ഗഡിലേക്കു വരാന്‍ നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ടുണ്ടായിരുന്നു ഈ യുവതി.

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നു എന്ന് പറഞ്ഞ സമയത്തു തന്നെ ഞാന്‍ വീട്ടിലേക്കു വന്നിരുന്നു. ദല്‍ഹിയില്‍ നിന്നും തിരിച്ചെത്തി ഏതാണ്ട് 19 ദിവസം ഞാന്‍ എന്റെ വീട്ടില്‍ തന്നെയായിരുന്നു. പെട്ടെന്നൊരുദിവസം വന്ന് ഹോസ്പിറ്റലില്‍ ആക്കി. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല, എന്തിനാണ് എന്നെ ആശുപതിയില്‍ ആക്കിയത്? ഇതൊക്കെ ഒരുതരം പീഡനം ആയിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്,” ഏപ്രില്‍ 1 മുതല്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന യുവതി പറഞ്ഞു.

തബ്ലീഗ് സമ്മേളനവുമായി യാതൊരു ബന്ധവും ഇല്ലെന്നു നിരവധി തവണ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല എന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.

സര്‍ക്കാര്‍ നിഷേധിക്കുന്നു

എന്നാല്‍ ഇത്തരത്തില്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിയിട്ടില്ല എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷാഹുവിന്റെ വാദം.

‘സര്‍ക്കാര്‍ അത്തരത്തില്‍ ഒരു പട്ടികയും തയാറാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ഒരു പട്ടികയെപ്പറ്റി കേട്ടിരുന്നു, എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു ലിസ്റ്റും തയാറാക്കിയിട്ടില്ല,” ഷാഹു അവകാശപ്പെടുന്നു.

മാര്‍ച് 1 നു ശേഷം സംസ്ഥാനത്തേക്കു വന്ന എല്ലാവരെയും സമ്പര്‍ക്കവിലക്കില്‍ പ്രവേശിപ്പിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നിലവില്‍ ആളുകളെ ഒറ്റപ്പെടുത്തിയിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റായ്പ്പൂര്‍ കളക്ടര്‍ ആയ ദാസന്‍ അതേസമയം ലിസ്റ്റിനെ കുറിച്ച് മൗനം അവലംബിച്ചു. ഐ.സി.എം.ആര്‍ നിര്‍ദേശപ്രകാരം വ്യക്തികളുടെ വിശദമായ യാത്ര രീതി പരിശോധിച്ച ശേഷമാണ് സമ്പര്‍ക്ക വിലക്കിലേക്കു പ്രവേശിപിപ്പിച്ചത് എന്നും കളക്ടര്‍ പറഞ്ഞു.

സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരുടെ കുടുംബത്തെ സാമൂഹിക ബഹിഷ്‌ക്കരണം നടത്തുന്നത് ശരിയല്ലെന്നും കളക്ടര്‍ അഭിപ്രയപ്പെട്ടു.

‘അത്തരത്തില്‍ ബഹിഷ്‌കരണമോ, അപമര്യാദയായ പെരുമാറ്റമോ ഉണ്ടാകാന്‍ പാടില്ല. വിലക്കില്‍ ഉള്ളവര്‍ക്കും അപകര്‍ഷതാ തോന്നേണ്ടതില്ല. ആര്‍കെങ്കിലും അത്തരത്തില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കാവുന്നതാണ്.’

ആകെ 9 പോസിറ്റീവ് കേസുകള്‍

ആകെ 9 പേര്‍ക്കാണ് സംസ്ഥാനത്തു കോവിഡ് ബാധിച്ചത്. അതില്‍ ഏഴു പേരും കോര്‍ബ ജില്ലയിലെ കത്‌ഗോഡ മേഖലയില്‍ നിന്നും വരുന്നവരാണ്.

DoolNews Video

We use cookies to give you the best possible experience. Learn more