ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി ചെക്ക് പോസ്റ്റില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍
Kerala
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി ചെക്ക് പോസ്റ്റില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd May 2020, 3:22 pm

കാസര്‍കോട്: ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ചെക്ക് പോസ്റ്റുകളില്‍ വിപുലമായ സൗകര്യമേര്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ദേശീയപാതയായ 66,47,48 എന്നിവയിലൂടെ കാസര്‍കോട് വഴി മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്ത് തലപ്പാടി ചെക്ക് പോസ്റ്റില്‍ സൗകര്യമൊരുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള ഏകദേശം 4500 ഓളം പേര്‍ നോര്‍ക്ക വെബ് സൈറ്റില്‍ തിരികെ വരാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബു അറിയിച്ചു.

മേയ് നാലിന് രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകുമെന്നും കളക്ടര്‍ പറഞ്ഞു.

കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആര്‍.ടി.ഒ, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ടോക്കണ്‍ നല്‍കും.

ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് ഡ്രൈവര്‍മാരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകു.

നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേരും മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെ.എച്ച്.ഐ, ആര്‍.ടി.ഒ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.

പരിശോധനയ്ക്കു് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ അതിര്‍ത്തി കടന്ന് ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ എത്തിച്ചേരാന്‍ സാധ്യത കാണുന്നതിനാല്‍ മെയ് നാല് മുതല്‍ ആദ്യത്തെ നാലു ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ആളുകള്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഡി.എം.ഒ യെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിന് എല്ലാ പി.എച്ച്.സി, സി.എച്ച്.സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.

കാസര്‍ഗോഡ് നിന്ന് കര്‍ണ്ണാടകയിലേക്ക് ജത്സൂര്‍ റോഡ് മാര്‍ഗ്ഗം ഇതര സംസഥാന തൊഴിലാളികള്‍ പോകാനുള്ള സാധ്യത കണക്കിലെടുത്ത് അത്തരക്കാരെ അതിര്‍ത്തി കടത്തി വിടുന്നതിന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.