അഹമ്മദാബാദ്: പാക്കിസ്ഥാൻ വിട്ടയച്ച 100 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. ഗുജറാത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്. പാക്കിസ്ഥാനിൽനിന്ന് അമൃത്സർ എത്തിയ മത്സ്യത്തൊഴിലാളികൾ ട്രെയിൻ മാർഗം വഡോദരയിൽ എത്തി. തടവ് ശിക്ഷ കഴിഞ്ഞ ഇന്ത്യൻ തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് പാക് നാവിക സേന ഇവരെ തടവിലാക്കിയത്. തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് പാർപ്പിച്ചിരുന്നതെന്ന് വിട്ടയക്കപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാളായ ബാബു പറഞ്ഞു. ഒന്നര വർഷത്തോളമാണ് പാകിസ്ഥാൻ ഇവരെ ജയിലിൽപാർപ്പിച്ചത്. ഏപ്രിൽ എട്ടിനാണ് പാകിസ്ഥാൻ ഇവർ വിട്ടയക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ സമയത്ത് തങ്ങളെ മുറിയിൽ അനങ്ങാൻ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അറ്റാരി, വാഗാ അതൃത്തി വഴിയാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഏപ്രിൽ എട്ടിന് 360 ഇന്ത്യൻ തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു.
തങ്ങളിൽ പലരെയും നിസ്സാര കുറ്റത്തിനാണ് തടവിലാക്കിയിരുന്നത് മോചിപ്പിക്കപ്പെട്ട മത്സ്യ തൊഴിലാളികൾ എ.എൻ.ഐ. വാർത്താ ഏജൻസിയോട് പറഞ്ഞു.