തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ആശയങ്ങളുയര്‍ത്തിപ്പിടിച്ചു കൊണ്ടും സംസ്ഥാനത്തെ ജനതയെ ഒന്നിപ്പിച്ചുമുള്ള വ്യത്യസ്തമായ ഭരണരീതിയിലൂടെ മറ്റു സംസ്ഥാനങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണിന്ന്.
ദ്രാവിഡ രാഷ്ട്രീയരംഗമിന്ന് സവര്‍ണ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ പോരാട്ടത്തിന് തയ്യാറായിരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം.കെ. സ്റ്റാലിനാണെന്ന് നിസ്സംശയം പറയാം.
ഏകാധിപത്യ പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബഹുസ്വരതയ്ക്കും കൂട്ടായ തീരുമാനങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സ്റ്റാലിന്‍ വ്യത്യസ്തനാകുന്നു. ദേശീയതലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പേരാട്ടത്തിന് തമിഴ്‌നാടിന്റെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട് അദ്ദേഹം. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിക്കെതിരെ സ്റ്റാലിന്‍ രംഗത്ത് വന്നത് കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകള്‍ സംസ്ഥാനത്ത് ബി.ജെ.പി യുടെ നിലയും പരുങ്ങലിലാക്കിയിരിക്കുകയാണ്.
സ്റ്റാലിന്‍, കേന്ദ്ര ഭരണകൂടത്തിനെതിരായ വെല്ലുവിളിയാരംഭിക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍ കേസ്സില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാടിന്റെ ഡി.ജി.പി. ആക്കി നിയമിച്ചുകൊണ്ടാണ്. 2010 ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്സില്‍ അമിത്ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡി.ജി.പിയായി നിയമിച്ചത്.
കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ ചിത്രത്തില്‍ കാവി വസ്ത്രമണിയിച്ചു കൊണ്ട് കാവിവത്കരണ ശ്രമങ്ങളെയും തടഞ്ഞിരിക്കുകയാണ് സ്റ്റാലിന്‍. അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷം കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുനസ്ഥാപിച്ചു കൊണ്ടാണ് തമിഴ് മനസ്സുകളിലേയ്ക്ക് കുറുക്കുവഴിയിലൂടെ നുഴഞ്ഞുകയറാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് തടയിട്ടിരിക്കുന്നത്.
ഫെഡറിലിസത്തെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വിഭാഗീയവും പക്ഷപാതപരവുമായ കേന്ദ്രഗവണമെന്റ് നീക്കങ്ങള്‍ക്കുള്ള മറുപടിയായി സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന പ്രയോഗം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ് തമിഴ്‌നാട്. യൂണിയന്‍ ഗവണ്‍മെന്റ് എന്ന പേരാണ് തമിഴ്‌നാട് ഔദ്യോഗിക രേഖകളിലെല്ലാം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതിയുടെ അന്തസത്തയെ ഓര്‍മിപ്പിക്കുന്ന ഒന്നാണ് ഈ പേര് മാറ്റം.
തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കാനുളള വിഭാഗീയ നീക്കങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നും തക്കതായ തിരിച്ചടി ലഭിച്ചതോടെ പിന്‍വലിയേണ്ടി വന്നിരിക്കുകയാണ് ഇവിടെ ബി.ജെ.പിക്ക്. വിഭാഗീയ ശ്രമങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് തമിഴ് ജനതയെ ഒരുമയുടെ ദ്രാവിഡ പാരമ്പര്യത്തിലൂടെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ശ്രീ. സ്റ്റാലിന്‍.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ പേരില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാനുള്ള തീരുമാനമെടുത്ത സംസ്ഥാനവുമാണ് എം.കെ. സ്റ്റാലിന്‍ നയിക്കുന്ന തമിഴ്‌നാട്. കേരളമുള്‍പ്പെടെയുളള ഏഴ് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങള്‍ക്കെതിരായി തമിഴ്‌നാട് നിയമസഭയും പ്രമേയം പാസ്സാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളില്‍ നിന്നും പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു കൊണ്ടും, വിവിധ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരായ പുരോഹിതന്മാരെ നിയമിച്ച് കൊണ്ടും എം.കെ. സ്റ്റാലിന്‍ സവര്‍ണ്ണാധിപത്യത്തിനും ജാതി വിവേചനത്തിനുമെതിരെ ശക്തമായ നീക്കങ്ങള്‍ക്കവിടെ തുടക്കമിടുകയും ചെയ്തിരിക്കുന്നു.
ഗുഹയിലിരുന്നും മയിലിനൊപ്പം ഫോട്ടോ ഷൂട്ടെടുത്തും, ടാഗോറിന്റെ വേഷം കെട്ടിയും നടക്കുന്നൊരാള്‍ രാജ്യം ഭരിക്കുമ്പോള്‍, തന്നെ പുകഴ്ത്തിപ്പാടി വിലപ്പെട്ട സമയം പാഴാക്കരുതെന്നും നിയമസഭയില്‍ അനാവശ്യമായി പുകഴ്ത്തി സംസാരിക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു കൊണ്ട് വീണ്ടും വ്യത്യസ്തനായിത്തീര്‍ന്നിരിക്കുകയാണ് ശ്രീ. സ്റ്റാലിന്‍.
വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകള്‍ക്കൊപ്പം തന്നെ തമിഴ് രാഷ്ട്രീയ രംഗത്ത് പുതിയൊരു സൗഹൃദാന്തരീക്ഷവും രൂപപ്പെടുത്തിയിരിക്കുകയാണ് മുത്തുവേല്‍ കരുണാനിധിയുടെ മകന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്കുന്നതിന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
രാജ്യത്തിന്റെ പുരോഗമനത്തെയും സമാധാനത്തെയും ഇല്ലാതാക്കുന്ന വിധത്തില്‍ ഭരണപക്ഷങ്ങളും പ്രതിപക്ഷങ്ങളും പരസ്പരം പോരടിക്കുന്ന രീതിയാണ് ഈ രാജ്യത്തെ ജനതയ്ക്ക് കൂടുതല്‍ പരിചിതം.! എന്നാല്‍ ഭരണപാര്‍ട്ടികള്‍ അധികാരത്തിലെത്തുമ്പോള്‍ പൊതുപദ്ധതികളില്‍ നിന്ന് പ്രതിപക്ഷത്തിന്റെ അടയാളങ്ങള്‍ തുടച്ച് മായ്ക്കുന്ന പതിവിന് തികച്ചും വിപരീതമായ രീതിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
ശ്രീ. സ്റ്റാലിന്‍, തന്നെ വെറുമൊരു പാര്‍ട്ടിയുടെ നേതാവായല്ല മറിച്ച് സംസ്ഥാനത്തിന്റെ നേതാവായാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വ്യത്യസ്തമായ നിലപാടുകള്‍. എല്ലാവരെയും ഉള്‍പ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
കൊവിഡിനെ നേരിടുന്നതിലും അദ്ദേഹത്തിന് ഭരണ-പ്രതിപക്ഷ ഏകോപനം സാധ്യമാക്കാന്‍ കഴിഞ്ഞു എന്നുള്ളത് അവിടെ രോഗബാധ നിയന്ത്രിക്കുന്നതിന് സഹായകമായിട്ടുണ്ട്. അദ്ദേഹം രൂപീകരിച്ച കോവിഡ് ഉപദേശക സമിതിയില്‍ എ.ഐ.എഡി.എം.കെയുടെ മുന്‍ ആരോഗ്യമന്ത്രിയായിരുന്ന സി. വിജയഭാസ്‌കറിനെയും നിലനിര്‍ത്തിയിട്ടുമുണ്ട്. സെപ്റ്റംബര്‍ മാസം മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ആ സംസ്ഥാനം.
തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ആശയങ്ങളുയര്‍ത്തിപ്പിടിച്ചു കൊണ്ടും സംസ്ഥാനത്തെ ജനതയെ ഒന്നിപ്പിച്ചുമുള്ള വ്യത്യസ്തമായ ഭരണരീതിയിലൂടെ മറ്റു സംസ്ഥാനങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണിന്ന്. ദേശീയ രാഷ്ട്രീയത്തില്‍ വെറുപ്പിന്റെയും വിഭാഗീകരണത്തിന്റെയും അന്ധകാര ശക്തികള്‍ മേല്‍ക്കൈ നേടി നില്ക്കുമ്പോള്‍ തമിഴ് രാഷ്ട്രീയ രംഗത്ത് ഒരുമയുടെ തെളിച്ചമാണ് കാണാനാകുന്നത്.