|

ബി.ജെ.പി പാളയത്തിലെത്തിക്കാൻ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് തോമസ് കെ. തോമസിന്റെ 100 കോടി വാഗ്ദാനം; മുഖ്യമന്ത്രിക്ക് രഹസ്യവിവരം ലഭിച്ചതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.സി.പി (എസ്.പി) എം.എല്‍.എ തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമായത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച രഹസ്യവിവരമെന്ന് റിപ്പോര്‍ട്ട്.

ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാര്‍ പക്ഷത്തേക്ക് 100 കോടി വാഗ്ദാനം ചെയ്ത് എല്‍.ഡി.എഫ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം നടത്തിയെന്നായിരുന്നു വിവരം. മനോരമ ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ ആന്റണി രാജുവിനെയും ആര്‍.എസ്.പി-ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെയുമാണ് തോമസ് കെ. തോമസ് കൂറുമാറ്റാന്‍ ശ്രമിച്ചത്.

50 കോടി വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നീക്കം. തുടര്‍ന്ന് വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്ററില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.  പിന്നാലെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചുകൊണ്ട് തീരുമാനമുണ്ടാകുന്നത്.

നിലവില്‍ എന്‍.സി.പി പക്ഷത്ത് നിന്ന് എ.കെ. ശശീന്ദ്രനാണ് മന്ത്രിസ്ഥാനം വഹിക്കുന്നത്. അതേസമയം ആരോപണം നിഷേധിച്ചുകൊണ്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി. ആരോപണം തള്ളി എന്‍.സി.പി ദേശീയ അധ്യക്ഷനായ ശരദ് പവാറിനോടും തോമസ് സംസാരിച്ചിരുന്നു. ഇതിനുപുറമെ രഹസ്യവിവരത്തില്‍ ഇരു എല്‍.ഡി.എഫ് എം.എല്‍.എമാരെയും മുഖ്യമന്ത്രി വിളിച്ചുവരുത്തുകയും ചെയ്തു.

കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന് ആന്റണി രാജു സ്ഥിരീകരിച്ചപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഓര്‍മയൊന്നുമില്ലെന്നാണ് പ്രതികരിച്ചത്.

250 കോടിയുമായി അജിത് പവാര്‍ കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി കിട്ടുമെന്നും തോമസ് കെ. തോമസ് പറഞ്ഞതായാണ് ആന്റണി രാജു സ്ഥിരീകരിച്ചത്. മുന്‍ നിയമസഭാ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് തോമസ് കെ. തോമസ് എൽ.ഡി.എഫ് എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്തത്.

ദേശീയ തലത്തില്‍ എന്‍.സി.പിയിലെ വിള്ളല്‍ വലിയ അട്ടിമറിക്കാണ് കാരണമായത്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ശരദ് പവാറുമായി തെറ്റിപ്പിരിഞ്ഞ അജിത് പവാര്‍ സംസ്ഥാനത്തെ ബി.ജെ.പി സഖ്യകക്ഷിയാകുകയായിരുന്നു.

സംസ്ഥാനത്തെ എസ്.പി പക്ഷത്ത് നിന്നുള്ള എം.എല്‍.എമാരെ കൂറുമാറ്റാനുള്ള ശ്രമങ്ങള്‍ അജിത് പവാര്‍ നടത്തിയിരുന്നു. എം.എല്‍.എമാരുടെ എണ്ണത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി ചിഹ്നത്തിനായി ഇരുപക്ഷവും നിയമനടപടി വരെ സ്വീകരിച്ചിരുന്നു. നിലവില്‍ അജിത് പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി കൂടിയാണ്.

അതേസമയം കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിയിലെ എം.എല്‍.എമാരെ സ്വാധീനിച്ച് കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഭരണകക്ഷിയിലെ എം.എല്‍.എ തന്നെയാണ് കൂറുമാറ്റ ശ്രമം നടത്തിയിരിക്കുന്നത്.

Content Highlight: 100 crores promised by Thomas k. Thomas to LDF MLAs