| Saturday, 31st August 2019, 9:26 pm

അഴിമതിക്കേസില്‍ ശിവസേന നേതാവ് സുരേഷ് ജെയ്ന് 100 കോടി രൂപ പിഴയും ഏഴുവര്‍ഷം തടവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭവന നിര്‍മാണ അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും ശിവസേന നേതാവുമായ സുരേഷ് ജെയ്ന് 100 കോടി രൂപ പിഴയും ഏഴുവര്‍ഷം തടവും. ഘാര്‍കുല്‍ ഭവന നിര്‍മാണ പദ്ധതിയിലെ അഴിമതിയിലാണ് സുരേഷ് ജെയ്ന് തടവും പിഴയും.

ധുലെ ജില്ലാ കോടതി സ്പെഷ്യല്‍ ജഡ്ജി സൃഷ്ടി നീലകാന്താണ് സുരേഷ് ജെയ്ന് കനത്ത പിഴ ചുമത്തിയത്. എന്‍.സി.പി നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ഗുലബ്രാഒ ദിയോകര്‍ക്ക് അഞ്ചുവര്‍ഷമാണ് തടവ്.

സുരേഷ് ജെയിനും ദിയോകര്‍ക്കും പുറമെ പ്രതികളായ 46 പേര്‍ക്കു കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നുമുതല്‍ ഏഴുവര്‍ഷം വരെയാണ് ഇവര്‍ക്ക് തടവ് വിധിച്ചത്. 48 പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജല്‍ഗാവ് നഗരസഭാ മുന്‍ കമ്മീഷണര്‍ പ്രവീണ്‍ ഗേദം 2006 ഫെബ്രുവരിയില്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഭവന നിര്‍മാണ പദ്ധതിയില്‍ 29 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ 2012 മാര്‍ച്ചിലാണ് സുരേഷ് ജെയ്നിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവുമ്പോള്‍ ഇദ്ദേഹം മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു.

ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹം സുപ്രിംകോടതിയില്‍ നിന്നും ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. ഗുലബ്രാഒ ദിയോകര്‍ 2012 മെയില്‍ അറസ്റ്റിലായ ശേഷം മൂന്നുവര്‍ഷം ജയിലിലായിരുന്നു. 1995 മുതല്‍ 2000 വരെ ജല്‍ഗാവ് മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.

സുരേഷ് ജെയ്നുമായി ബന്ധമുള്ള കെട്ടിട നിര്‍മാതാക്കളായ ഖണ്ഡേഷ് ബില്‍ഡേഴ്സിനാണ് ഘാര്‍ഖുല്‍ ഭവന നിര്‍മാണ പദ്ധതി കരാര്‍ നല്‍കിയത്. ജല്‍ഗാവില്‍ 5000 വീടുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും 1500 എണ്ണമാണ് പൂര്‍ത്തിയാക്കിയത്.

We use cookies to give you the best possible experience. Learn more