ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് വാർത്താ സമ്മേളനം നടത്തിയിട്ട് പത്ത് വർഷമായി. 2014 ജനുവരി മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് നടത്തിയ വാർത്താ സമ്മേളനമാണ് രാജ്യത്ത് നടന്ന അവസാനത്തേതെന്ന് അദ്ദേഹത്തിന്റെ ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവായിരുന്ന പങ്കജ് പച്ചൗരി. തന്റെ എക്സ് അക്കൗണ്ടിൽ പച്ചൗരി പങ്കുവെച്ച വസ്തുതയാണ് കഴിഞ്ഞ ഒരാഴ്ചയായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആ അവസാന വാർത്താ സമ്മേളനത്തിൽ തന്റെ സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം വീഴ്ചകളെക്കുറിച്ചും ഉത്പാദന മേഖലയിലെ തൊഴിലില്ലായ്മയെ കുറിച്ചും മൻമോഹൻ സിങ് അന്ന് ഏറ്റു പറഞ്ഞിരുന്നു.
അന്ന് 100 മാധ്യമപ്രവർത്തകരുടെ 62 ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു.
2014ൽ അധികാരത്തിൽ എത്തിയതിന് ശേഷം നരേന്ദ്ര മോദി ഒരു പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത് 2019 മേയ് 19നായിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായിട്ടായിരുന്നു ആ വാർത്താ സമ്മേളനം.
എന്നാൽ അപ്രതീക്ഷിതമായി നടന്ന ആ വാർത്താ സമ്മേളനത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന ശുഭവിശ്വാസം പ്രകടിപ്പിക്കുകയും ജനങ്ങളോട് നന്ദി പറയുകയും ചെയ്ത പ്രധാനമന്ത്രി ഒരു ചോദ്യത്തിനു പോലും മറുപടി പറയാൻ തയ്യാറായില്ല.
അന്ന് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ആയിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നത്.
ആ സമയത്ത് രാജ്യത്ത് ഏറെ ചർച്ചയായിരുന്ന വിവാദങ്ങളിലൊന്നായിരുന്നു നാഥുറാം ഗോഡ്സേ രാജ്യസ്നേഹിയായിരുന്നു എന്ന പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമർശം. ഇതിനെകുറിച്ചൊന്നും സംസാരിക്കാൻ മോദി തയ്യാറായില്ല. പ്രഗ്യക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് അമിത് ഷാ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മോദി അന്ന് നിശബ്ദനായി ഇരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്യാത്ത മോദി വൈറ്റ് ഹൗസിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ ‘ബിഗ് ഡീൽ’ എന്നായിരുന്നു വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.
അന്ന് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടർ സബ്രീന സിദ്ദീഖി മോദിയോട് ചോദിച്ചു.
‘മതന്യൂനപക്ഷങ്ങൾക്കെതിരെ നിങ്ങളുടെ സർക്കാർ വിവേചനം കാണിക്കുന്നുവെന്നും അതിനെ എതിർക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. അഭിപ്രായം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ മുസ്‌ലിങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങളും നിങ്ങളുടെ സർക്കാരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?’ സബ്രീന ചോദിച്ചു.
സബ്രീനയുടെ ചോദ്യത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച മോദി, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളിൽ ഒരുതരത്തിലുമുള്ള വിവേചനവും ഇല്ലെന്ന് മറുപടി നൽകി.
എന്നാൽ ഇതിന് പിന്നാലെ സബ്രീന സിദ്ദീഖി അതിരൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയയായി. തുടർന്ന് ഓൺലൈൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് വൈറ്റ് ഹൗസ് തന്നെ രംഗത്ത് വന്നു.
എന്നാൽ വാർത്താസമ്മേളനങ്ങൾ നടത്തിയിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ എപ്പോഴും നരേന്ദ്രമോദിയുടെ സാന്നിധ്യം നിലനിന്നിരുന്നു.
ആകാശവാണിയിലെ അദ്ദേഹത്തിന്റെ മൻ കി ബാത്തിലൂടെയായിരുന്നു ഇന്ത്യൻ ജനതയോട് അദ്ദേഹം സംവദിച്ചിരുന്നത്. എന്നാൽ സർക്കാർ റേഡിയോ ചാനലിലൂടെ ബി.ജെ.പി അജണ്ടകൾ പ്രചരിപ്പിക്കാനും സർക്കാർ പദ്ധതികൾ വിവരിക്കാനുമാണ് മോദി ഈ പരിപാടി ഉപയോഗിക്കുന്നത് എന്ന് പ്രതിപക്ഷം നിരന്തരം വിമർശിച്ചുകൊണ്ടിരുന്നു.
പ്രധാനമന്ത്രിയുടെ വ്യത്യസ്തമായ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും മാധ്യമങ്ങളിലെ വാർത്തകളിൽ കഴിഞ്ഞ പത്ത് വർഷവും നിറഞ്ഞുനിന്നു.
2019 ഉത്തരാഖണ്ഡിലെ സന്ദർശനത്തിനിടയിൽ ഗുഹയിൽ ധ്യാനത്തിൽ ഇരുന്ന ചിത്രങ്ങൾ ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. 2019 ലോകസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു മോദിയുടെ കേദാർനാഥ് ക്ഷേത്ര സന്ദർശനം.
താങ്കൾക്ക് മാമ്പഴം കഴിക്കുവാൻ ഇഷ്ടമാണോ എന്ന അക്ഷയ് കുമാറിന്റെ ചോദ്യവും ഇതിനു മറുപടിയായി കുട്ടിക്കാലത്ത് താൻ മാമ്പഴം ആസ്വദിച്ചതിന്റെ ഭൂതകാല സ്മരണകൾ മോദി പങ്കുവെച്ചതും അന്ന് വാർത്തയായിരുന്നു.
ഇതേ അഭിമുഖത്തിൽ തന്നെ പ്രധാനമന്ത്രിയുടെ കുർത്ത – പൈജാമയും ജാക്കറ്റും ട്രെൻഡ് ആയതിനെക്കുറിച്ചും അദ്ദേഹം വാച്ച് ധരിക്കുന്ന രീതിയെ കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.
താൻ ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് പ്രധാനമന്ത്രിയുമായി അഭിമുഖം നടത്തിയത് എന്നും മോദിയുടെ നയങ്ങളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും ചോദിക്കാനുള്ള അർഹത തനിക്കില്ലെന്നും ആയിരുന്നു അഭിമുഖത്തിന് ശേഷം അക്ഷയ് പറഞ്ഞത്.
2019 ഫെബ്രുവരിയിൽ ഡിസ്കവറി ചാനലിലെ മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിൽ ബെയർ ഗ്രിൽസിനൊപ്പം ഒരു എപ്പിസോഡിൽ മോദിയായിരുന്നു അതിഥി. ഉത്തരാഖണ്ഡിലെ കോർബെറ്റ് നാഷണൽ പാർക്കിൽ വച്ചായിരുന്നു ഈ എപ്പിസോഡ് ചിത്രീകരിച്ചത്.
2023 മെയ് മൂന്നിന് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൂന്ന് മാസങ്ങൾക്കൊടുവിലായിരുന്നു നരേന്ദ്ര മോദി വിഷയത്തിൽ മൗനം വെടിഞ്ഞത്. പ്രതിപക്ഷം ലോക്‌സഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെയാണ് മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോ തന്നെ വേദനിപ്പിച്ചെന്നും രാജ്യം മണിപ്പൂരിലെ സ്ത്രീകൾക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞത്.
പ്രധാനമന്ത്രി പദത്തിൽ എത്തി 100 ദിവസം പിന്നിട്ട് വേളയിലായിരുന്നു മൻമോഹൻ സിങ് ആദ്യമായി പത്രസമ്മേളനം വിളിച്ചത്. 1991ൽ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ നടന്ന വാർത്താ സമ്മേളനം നടന്ന 13 വർഷങ്ങൾക്ക് ശേഷമായിരുന്നു മൻമോഹൻ സിങ്ങിന്റെ വാർത്താ സമ്മേളനം.
നരസിംഹ റാവുവിന് ശേഷം അധികാരത്തിലെത്തിയ എച്ച്.ഡി. ദേവഗൗഡയും ഐ.കെ. ഗുജ്റാളും കുറഞ്ഞ കാലയളവിൽ മാത്രമാണ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചത് എന്നതിനാൽ തന്നെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുവാൻ സാധിച്ചിരുന്നില്ല.
എന്നാൽ ഇവർക്ക് ശേഷം വന്ന അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായ ആറ് വർഷത്തിനിടയിൽ ഒരിക്കൽ പോലും ദൽഹിയിൽ വാർത്താ സമ്മേളനം നടത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ ലഖ്നൗവിൽ പോകുമ്പോഴായിരുന്നു അദ്ദേഹം വാർത്താ സമ്മേളനം നടത്തിയിരുന്നത്.
എന്നാൽ ഇവരിൽ നിന്നെല്ലാം നരേന്ദ്ര മോദിയെ വ്യത്യസ്തമാക്കുന്നത് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രധാമന്ത്രി ആകുമ്പോഴും വാർത്താ സമ്മേളനം നടത്താനോ എഴുതി തയ്യാറാക്കാത്ത ചോദ്യങ്ങൾ നേരിടാനോ അദ്ദേഹം പത്ത് വർഷവും സന്നദ്ധനായിരുന്നില്ല എന്നതാണ്.
Content Highlight: 10 years without a press meet from Indain Prime Minister: PM Modi star in social media and news