മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം ആരാധകവൃന്ദമുള്ള യുവതാരങ്ങളിലൊന്നാണ് ടൊവിനോ തോമസ്. 2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കളി’ലൂടെ ആരംഭിച്ച ടൊവിനോയുടെ കരിയര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
എന്നാല്‍ ആ പ്രയാണം ഒട്ടും എളുപ്പമല്ലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ടൊവിനോ മലയാളത്തിന് പുറത്തേക്കും താരമൂല്യമുള്ള നടനായി മാറിയത്.
അഭിനയത്തോട് ടൊവിനോയ്ക്കുള്ള അഭിനിവേശം വാക്കുകളിലൂടെ വിശേഷിപ്പിക്കാനാവില്ല. ഒരിക്കല്‍ സുഹൃത്തായ മാത്തുക്കുട്ടി പറഞ്ഞത് പോലെ തങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ നായകനാകും എന്നുറപ്പുള്ള ആളായിരുന്നു ടൊവിനോ. അന്നേ ആ അഭിനിവേശം ടൊവിനോടുടെ മനസില്‍ ഉണ്ടായിരുന്നു. താന്‍ ഏത് നിലയിലെത്തും എന്ന കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് ടൊവിനോ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ‘ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും’ എന്ന് കുറിച്ചത്.
‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്,’ എന്ന് ഫേസ്ബുക്കില്‍ കുറിക്കുമ്പോള്‍ ടൊവിനോയുടെ ആദ്യചിത്രം പോലും റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല.
2012 ലെ ആദ്യ ചിത്രത്തിന് ശേഷം എ.ബി.സി.ഡിയിലെ രാഷ്ട്രീയക്കാരനായ അഖിലേഷ് വര്‍മ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ടൊവിനോ ചെയ്തു. 2014 ല്‍ പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേയിലും ടൊവിനോ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചു.
അതിനു ശേഷവും കൂതറ, യു ടൂ ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അവയ്‌ക്കൊന്നും ടൊവിനോയുടെ അഭിനയജീവിതത്തില്‍ വലിയ ചനലങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.
എന്നാല്‍ സെവന്‍ത് ഡേയിലെ ടൊവിനോയുടെ ‘എബി എബനേസറി’നെ പൃഥ്വിരാജ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പുവിനെ അവതരിപ്പിക്കാന്‍ ടൊവിനോയെ സജസ്റ്റ് ചെയ്തത് പൃഥ്വിരാജായിരുന്നു. ആ കഥാപാത്രമായിരുന്നു ടൊവിനോയുടെ കരിയറിലെ ടേണിംഗ് പോയിന്റായത്.
മൊയ്തീനിലെ അപ്പു ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടറിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ടൊവിനോയ്ക്ക് നേടി കൊടുത്തു. അതോടെ പൊതുമധ്യത്തില്‍ ടൊവിനോ നടനെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി.
അതിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയിലെ കാമിയോ റോളും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടക്ക് ഉണ്ണി മുകുന്ദന്‍ നായകനായ സ്റ്റൈലില്‍ ഒരു സ്റ്റൈലന്‍ വില്ലനായും ടൊവിനോ തിളങ്ങി. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയിലെ തേജസ് വര്‍ക്കി ടൊവിനോയുടെ മറ്റൊരു മികച്ച കഥാപാത്രമായി. ചിത്രം തിയേറ്ററില്‍ വിജയമായില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.
ടൊവിനോ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഇന്നും തേജസ് വര്‍ക്കി. 2017 അക്ഷരാര്‍ത്ഥത്തില്‍ ടൊവിനോയുടെ വര്‍ഷമായിരുന്നു. അക്കൊല്ലം പുറത്തിറങ്ങിയ ഗോദ, ഒരു മെക്‌സിക്കന്‍ അപാരത, മായാനദി എന്നീ ചിത്രങ്ങള്‍ ടൊവിനോയുടെ സ്ഥാനം ഉറപ്പിച്ചു.
മായാനദി എന്ന ചിത്രത്തിന് ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ടായി. മാത്തന് പകരം മറ്റൊരു നടനെ ഇന്ന് മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലുമാവുന്നില്ല. ചിത്രത്തിലെ ലിപ്‌ലോക്ക് സീനും വലിയ ചര്‍ച്ചാവിഷയമായി.
2018ല്‍ ടൊവിനോയുടെ ഒന്‍പത് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. നാം, അഭിയും അനുവും, തിയേറ്ററില്‍ വിജയമാവാതെ പോയപ്പോള്‍, ആമി, മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. ഇതേ വര്‍ഷം പുറത്തിറങ്ങിയ തീവണ്ടി വലിയ വിജയം നേടി. ചിത്രം പ്രണയനായകന്‍ എന്ന ടൊവിനോയുടെ ഇമേജ് ഉയര്‍ത്തി.
ഈ സിനമയിലെ ലിപ്‌ലോക്ക് സീനും കൂടിയായപ്പോള്‍ താരത്തിന് പുതിയൊരു പേര് കൂടി വീണു. ‘മലയാളത്തിന്റെ ഇമ്രാന്‍ ഹഷ്മി’. പിന്നീട് ടൊവിനോ പങ്കെടുക്കുന്ന പരിപാടികളിലും അഭിമുഖങ്ങളിലും ലിപ് ലോക്ക് ചര്‍ച്ചയായെങ്കിലും അതും സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞ് കൂളായി തന്നെ നേരിട്ടു.
2018 ല്‍ തന്നെ പുറത്ത് വന്ന ധനുഷ് ചിത്രം മാരി 2 വില്‍ വില്ലനായതോടെ കേരളത്തിന് പുറത്തേക്കും ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നു.
2019ല്‍ ലൂസിഫര്‍, ഉയരെ വൈറസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ലൂക്കയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. കല്‍ക്കിയും, ഇടക്കാട് ബറ്റാലിയനും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
2021 ല്‍ പുറത്തിറങ്ങിയ കള, കാണേക്കാണേ എന്നീ ചിത്രങ്ങള്‍ കൈകാര്യം ചെയ്ത വിഷയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കളയിലെ അഭിനയം ടൊവിനോയ്ക്ക് പ്രശംസ നേടികൊടുത്തിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പില്‍ കൊല്ലപ്പെടുന്ന ചാക്കോയായി കാമിയോ റോളിലും ടൊവിനോ എത്തി. ഈ വര്‍ഷം ഡിസംബര്‍ 24 നായിരുന്നു മിന്നല്‍ മുരളിയുടെ റിലീസ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന പേരിലെത്തിയ ചിത്രം ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വമ്പന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോ വളര്‍ന്നിരിക്കുകയാണ്.
സിനിമ സ്വപ്‌നം കാണുന്ന ഏത് പുതുമുഖങ്ങള്‍ക്കും ഇന്‍സ്പിരേഷന്‍ നല്‍കുന്ന താരമാണ് ഇന്ന് ടൊവിനോ. യാതൊരു സിനിമ ബാക്ക്ഗ്രൗണ്ടുമില്ലാതെ അഭിനയം എന്ന അഭിനിവേശം മാത്രം കൈമുതലാക്കിയ ‘സൂപ്പര്‍ ഹീറോ’ സിനിമയിലെ 10 വര്‍ഷം പിന്നിട്ട് തന്റെ യാത്ര തുടരുകയാണ്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് പോലെ ഇനിയും മറ്റൊരു 10 വര്‍ഷത്തിന് ശേഷവും ആ പ്രയാണം തുടരട്ടെ.
Content Highlight: 10 years of tovino thomas