| Sunday, 29th December 2024, 12:07 pm

മധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ 10 വയസുകാരനെ രക്ഷിക്കാനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസുകാരനെ രക്ഷപ്പെടുത്താനായില്ല. 18 മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ പത്ത് മണിയോടെ കുട്ടിയെ പുറത്തെത്തിച്ചിരുന്നു. പുറത്തെത്തിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വൈകുന്നേരം കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടി കുഴൽക്കിണറ്റിൽ വീണതായി മനസിലായത്. ഇന്നലെ മൂന്നരയോടടുത്തായിരുന്നു കുട്ടി കിണറിൽ വീണത്. ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.

അതേ സമയം  ഡിസംബർ 23 ന് രാജസ്ഥാനിൽ ഉണ്ടായ കുഴൽ കിണർ അപകടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ മൂന്ന് വയസുകാരി ചേതന വീഴുകയായിരുന്നു. ഇത് വരെയും കുട്ടിക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയാത്തതിനാൽ കുഞ്ഞിന്റെ അതിജീവനം സംശയമാണ്.

കുഴൽക്കിണറിനു സമീപം സമാന്തരമായി കുഴിയെടുത്ത് എൽ ആകൃതിയിലുള്ള തുരങ്കത്തിലൂടെ കുട്ടിയിലേക്കെത്താൻ ശ്രമം നടക്കുന്നുണ്ട്. കുഴിയിൽ ഇറങ്ങിയ രണ്ട് എൻ.ഡി.ആർ.എഫ് ജവാൻമാർ മാന്വൽ ഡ്രില്ലിംഗ് നടത്തുന്നുമുണ്ട്. ‘ഞങ്ങൾ അവരെ ക്യാമറയിൽ നിരീക്ഷിക്കുന്നുണ്ട്. അവർ ആവശ്യപ്പെടുന്ന ഉപകരണങ്ങൾ താഴെ നിന്ന് അവർക്ക് അയക്കുകയും ചെയ്യുന്നുണ്ട്,’ ജില്ലാ കളക്ടർ കൽപന അഗർവാൾ പറഞ്ഞു.

Content Highlight: 10-year-old boy trapped in 140-feet-deep borehole in Madhya Pradesh unable to be rescued

We use cookies to give you the best possible experience. Learn more