ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശനിയാഴ്ച വൈകുന്നേരം 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസുകാരനെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഗുണ ജില്ലയിൽ നിന്ന് 50 കിലോമീറ്റർ അകലെ പിപ്ലിയ ഗ്രാമത്തിൽ വൈകുന്നേരം അഞ്ച് മണിയോടെ സുമിത് മീണ എന്ന പത്ത് വയസുകാരൻ തുറന്ന് കിടന്ന കുഴൽക്കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.
39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയതെന്ന് രഘോഗഡ് കോൺഗ്രസ് എം.എൽ.എ ജയവർധൻ സിങ് സംഭവസ്ഥലത്ത് നിന്ന് പി.ടി.ഐയോട് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) സംഘം വൈകുന്നേരത്തോടെ ഭോപ്പാലിൽ നിന്ന് എത്തിയതോടെ പൊലീസും മറ്റ് പ്രാദേശിക ഏജൻസികളും രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുഴൽക്കിണറിലേക്ക് ഓക്‌സിജൻ പമ്പ് ചെയ്യുന്നുണ്ട്. വൈകുന്നേരം കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടി കുഴൽക്കിണറ്റിൽ വീണതായി മനസിലായതെന്ന് നാട്ടുകാരൻ പറഞ്ഞു. കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തകർ കുഴൽക്കിണറിന് സമാന്തരമായി 25 അടിയോളം കുഴിയെടുത്തിട്ടുണ്ട്.
ഡിസംബർ ഡിസംബർ 23 ന് രാജസ്ഥാനിൽ ഉണ്ടായ കുഴൽ കിണർ അപകടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ മൂന്ന് വയസ്സുള്ള ചേതന വീഴുകയായിരുന്നു. ഇത് വരെയും കുട്ടിക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയാത്തതിനാൽ കുഞ്ഞിന്റെ അതിജീവനം സംശയമാണ്.
കുഴൽക്കിണറിനു സമീപം സമാന്തരമായി കുഴിയെടുത്ത് എൽ ആകൃതിയിലുള്ള തുരങ്കത്തിലൂടെ കുട്ടിയിലേക്കെത്താൻ ശ്രമം നടക്കുന്നുണ്ട്. കുഴിയിൽ ഇറങ്ങിയ രണ്ട് എൻ.ഡി.ആർ.എഫ് ജവാൻമാർ മാന്വൽ ഡ്രില്ലിംഗ് നടത്തുന്നുമുണ്ട്. ‘ഞങ്ങൾ അവരെ ക്യാമറയിൽ നിരീക്ഷിക്കുന്നുണ്ട്. അവർ ആവശ്യപ്പെടുന്ന ഉപകരണങ്ങൾ താഴെ നിന്ന് അവർക്ക് അയക്കുകയും ചെയ്യുന്നുണ്ട്,’ ജില്ലാ കളക്ടർ കൽപന അഗർവാൾ പറഞ്ഞു.
സമീപകാലത്ത് കുഴൽക്കിണറുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസ്സുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു, അവിടെ രക്ഷാപ്രവർത്തനം 55 മണിക്കൂറിലധികം നീണ്ടു. എന്നാൽ, പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.
Content Highlight: 10-year-old boy trapped in 140-feet borewell in MP’s Guna, rescue operations on