തിരുവനന്തപുരം: യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം പത്ത് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഉന്നത പോലീസ് വൃത്തങ്ങള്‍.
വിദേശത്തുനിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട 40-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും പൊലീസിലെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്ത് വനിതാമതില്‍ നടക്കുന്നതിന് മുന്‍പും പിന്‍പുമായി യുവതികള്‍ മലചവിട്ടിയെന്ന വിവരമാണ് പോലീസ് നല്‍കുന്നത്.
മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
യുവതികള്‍ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സര്‍ക്കാരിനും പോലീസിലെ ഉന്നതര്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവര്‍ക്കു പുറമേ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ സംഘങ്ങള്‍ക്കൊപ്പവും 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും.
സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ എന്നായിരുന്നു ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ക്ക് മുന്‍പും യുവതികള്‍ കയറിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തില്‍ ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചിരുന്നു. വരുംദിവസങ്ങളിലും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.