| Wednesday, 7th September 2016, 11:31 am

10 മുതല്‍ 14വരെ ബാങ്കുകളും എ.ടി.എമ്മുകളുമില്ല; കീശകാലിയാകാതിരിക്കാന്‍ ബാങ്കിടപാടുകള്‍ നേരത്തെയാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടാം ശനിയും ഞായറും ബക്രീദും ഉത്രാടവും തിരുവോണവും ചേരുമ്പോഴാണ് 10 മുതല്‍ 14 വരെ അഞ്ചു ദിവസം ബാങ്ക് അവധി.


കൊച്ചി: ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകള്‍ക്ക് ഇത്തവണ തുടര്‍ച്ചയായി 5 ദിവവസം അവധിയാണ്. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ അടക്കം ഇത് ബാധിക്കുമെന്നാണ് സൂചന.

രണ്ടാം ശനിയും ഞായറും ബക്രീദും ഉത്രാടവും തിരുവോണവും ചേരുമ്പോഴാണ് 10 മുതല്‍ 14 വരെ അഞ്ചു ദിവസം ബാങ്ക് അവധി. 15നു ബാങ്കുകള്‍ വീണ്ടും തുറക്കുമെങ്കിലും 16ന് ശ്രീനാരായണ ജയന്തി അവധിയാണ്. 17ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

ഇക്കാരണത്താല്‍ എ.ടി.എമ്മുകളില്‍ പരമാവധി തുക നിറച്ചു വയ്ക്കാനാണ് ബ്രാഞ്ചുകള്‍ക്കും പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാധാരണ മൂന്നു ലക്ഷം രൂപയാണ് എ.ടി.എമ്മില്‍ നിറയ്ക്കുന്നത്. പണം പിന്‍വലിക്കല്‍ കൂടിയ എ.ടി.എമ്മുകളില്‍ കൂടുതല്‍ തുക നിറയ്ക്കും.

അഞ്ചു ദിവസത്തെ ആവശ്യം പരിഗണിച്ച് 15 ലക്ഷം രൂപ ഒരുമിച്ചോ അതിലേറെയോ നിറയ്ക്കാനാണുദ്ദേശിക്കുന്നത്. എന്നാല്‍ ഇഈ ഓണക്കാലത്തെ ചെലവിന് ഇത് മതിയാകുമോ എന്ന ആശങ്ക ബാക്കി നില്‍ക്കുന്നു. കറന്‍സി തീര്‍ന്നാല്‍ വീണ്ടും നിറയ്ക്കാന്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എസ്.ബി.ഐ വക്താവ് അറിയിച്ചു.

എസ്.ബി.ഐ ബ്രാഞ്ചുകളോടു ചേര്‍ന്നുള്ള എ.ടി.എമ്മുകളില്‍ ബാങ്ക് ജീവനക്കാര്‍ തന്നെ പണം നിറയ്ക്കുന്ന പതിവാണെങ്കില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ അതിനായി 12ന് എത്തണമെന്നും എസ്.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

We use cookies to give you the best possible experience. Learn more