ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണമെന്ന് റിപ്പോര്‍ട്ട്; പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു
national news
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണമെന്ന് റിപ്പോര്‍ട്ട്; പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th April 2023, 4:32 pm

ദന്തേവാഡ: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രൈവറുമടക്കം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ദന്തേവാഡയിലെ ബസ്തറില്‍ ആറന്‍പൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.

ദന്തേവാഡയിലെ ആറന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവോവാദി സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി) സംഘത്തിനെതിരെയാണ് അക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാവോയിസ്റ്റുകള്‍ക്കെതിരായ ദൗത്യങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഗോത്രവര്‍ഗക്കാരുള്‍പ്പെട്ട നാട്ടുകാരാണ് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്.

ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല.

സംഭവത്തില്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അനുശോചനം രേഖപ്പെടുത്തി.

‘ ദുഖരകരമായ സംഭവമാണ് നടന്നിരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. പോരാട്ടം അവസാന ഘട്ടത്തിലാണ്. നക്‌സലുകളെ വെറുതെ വിടില്ല,’ അദ്ദേഹം പറഞ്ഞു.

content highlight: maoist attack; 10 security officials and driver killed in chathisgrah