| Wednesday, 21st September 2016, 10:35 am

10 രൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നിയമനടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തുരൂപ നാണയം റദ്ദാക്കിയിട്ടില്ലെന്നും റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കില്‍വാന വ്യക്തമാക്കി.


ന്യൂദല്‍ഹി: പത്തുരൂപയുടെ പുതിയ നാണയം വാങ്ങാന്‍ മടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക്. നാണയം പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

ദല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും കട ഉടമകളും ടാക്‌സി ഡ്രൈവര്‍മാരും പത്തുരൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് ഇത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പത്തുരൂപ നാണയം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് നാണയം സ്വീകരിക്കാന്‍ പലരും മടികാണിച്ചത്. വാട്‌സാപ്പ് വഴിയാണ് ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്.

പത്തുരൂപ നാണയം റദ്ദാക്കിയിട്ടില്ലെന്നും റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കില്‍വാന വ്യക്തമാക്കി.

വാട്‌സ്ആപ്പ് വഴി പ്രചരിച്ച വ്യാജ വാര്‍ത്തയാണിതെന്നും നാണയങ്ങള്‍ എല്ലാവരും സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിപോലുള്ള നഗരങ്ങളില്‍ യാത്രക്കാരും മാര്‍ക്കറ്റുകളില്‍ എത്തുന്നവരുമടക്കം എല്ലാവരും പത്തുരൂപയുടെ നാണയങ്ങള്‍ നിരസിക്കുകയും പകരം നോട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ പത്തുരൂപയുടെ നാണയങ്ങള്‍ മാറ്റി നോട്ടുകള്‍ വാങ്ങാനായും ബാങ്കുകളിലേക്ക് ആളുകള്‍ പ്രവഹിച്ചിരുന്നു.

We use cookies to give you the best possible experience. Learn more