ന്യൂദല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി. ആകെ സംവരണം 50%ത്തില്‍ കൂടാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിതെന്ന് ആരോപിച്ചാണ് ഹരജി. യൂത്ത് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനയാണ് ബില്ലിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭരണഘടനയിൽ നിവേശിപ്പിക്കാൻ ഇപ്പോൾ നിർദ്ദേശിട്ടുള്ള നാലു നിബന്ധനകളും ഭരണഘടനയുടെ ഏതെങ്കിലും അടിസ്ഥാന പ്രകൃതങ്ങളെ ലംഘിക്കുന്നതാണെന്നും അതുകൊണ്ടവ അനുവദിക്കരുത് എന്നും ഹർജി ആവശ്യപ്പെടുന്നു.
രണ്ടുദിവസം മുമ്പ് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്യുകയാണുണ്ടായത്. ലോക്‌സഭയില്‍ മൂന്നുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ടു രേഖപ്പെടുത്തിയത്.
ബില്‍ കഴിഞ്ഞദിവസം രാജ്യസഭ പാസാക്കുകയും ചെയ്തിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ ശേഷം നടന്ന വോട്ടെടുപ്പില്‍ 172 അംഗങ്ങളില്‍ 165 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബടക്കം ഏഴു പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
Also read:മുന്നാക്ക സാമ്പത്തിക സംവരണം മോദിയുടെ ഇലക്ഷന്‍ ഗിമ്മിക്ക്
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലവസരത്തിലും 10% സംവരണം നല്‍കുന്നതാണ് ബില്ല്. വര്‍ഷം എട്ടുലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് ഈ സംവരണം ലഭിക്കുക. 190 മില്ല്യണ്‍ മുന്നോക്കക്കാര്‍ക്കാണ് ഈ 10 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.
തെരഞ്ഞെടുപ്പ് വേളയില്‍ സംവരണം ആവശ്യപ്പെടുന്ന പട്ടീദര്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍, മറാത്ത വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതജാതി സമുദായങ്ങളെ സംതൃപ്തിപ്പെടുത്താനാണ് ബി.ജെ.പി നിയമനിര്‍മ്മാണം കൊണ്ടു വന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.