| Thursday, 24th October 2013, 6:11 pm

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പത്തു മലയാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 141 പേരുടെ പട്ടികയില്‍ പത്തു മലയാളി വ്യവസായികള്‍ ഇടം നേടി.

എം.എ യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, ടി.എസ്.കല്യാണരാമന്‍, ജോയ് ആലുക്കാസ്, ഡോ. പി. മുഹമ്മദാലി, ആസാദ് മൂപ്പന്‍, എം.പി.രാമചന്ദ്രന്‍, കെ.എം.മാമന്‍, സന്തോഷ് ജോസഫ് എന്നിവരാണ് ഈ വര്‍ഷം പുതുതായി സ്ഥാനം നേടിയവര്‍.

ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹുറുണ്‍ ഇന്‍ഡ്യ പ്രസിദ്ധീകരിച്ച 2013ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 300 ദശലക്ഷം യുഎസ് ഡോളറില്‍ കൂടുതല്‍ സ്വത്തുള്ള 141 പേരുടെ ലിസ്റ്റാണ് ഹുറുണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതുതായി സ്ഥാനം നേടിയ 46ല്‍ പത്തുപേര്‍ മലയാളികളാണെന്നത് ശ്രദ്ധേയം.

190 കോടി ഡോളര്‍ ആസ്തിയുള്ള യൂസഫലി 29ാമതും 160 കോടി ഡോളര്‍ സ്വത്തുള്ള രവിപിള്ള 36ാമതുമാണ്. 140 കോടി ഡോളര്‍ സ്വത്തുള്ള ജെംസ് എഡ്യൂക്കേഷന്റെ സണ്ണിവര്‍ക്കി 43ാമതുണ്ട്. 120 കോടി ഡോളറുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ കല്യാണരാമന്‍ 50ാം സ്ഥാനത്താണ്.

700 ദശലക്ഷം ഡോളര്‍ സ്വത്തുള്ള ജോയ് ആലൂക്കാസ് ഗ്രൂപ്പിലെ ജോയ് ആലൂക്കാസ് 71ാം സ്ഥാനത്താണ്. 400 ദശലക്ഷം ഡോളര്‍ സ്വത്തുള്ള ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മുഹമ്മദാലിയും ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആസാദ് മൂപ്പനും 114ാമതാണ്.

ജ്യോതി ലബോറട്ടറീസിന്റെ എം.പി.രാമചന്ദ്രന്‍, എം.ആര്‍.എഫ് ടയേഴ്‌സിന്റെ കെ.എം.മാമനും കുടുംബവും, ദുബായ് പേള്‍സിന്റെ സന്തോഷ് ജോസഫ് എന്നിവര്‍  300 ദശലക്ഷം ഡോളറുമായി 127ാമതാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനിയാണ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ട് ശതമാനമാണ് മുകേഷ് അംബാനിയുടെ ആസ്തിയുടെ വളര്‍ച്ച.  1890 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്.

ഉരുക്കു വ്യവസായി ലക്ഷ്മി നാരായണ മിത്തല്‍, സ്വത്തില്‍ ആറു ശതമാനം കുറവുണ്ടായെങ്കിലും 1590 കോടി ഡോളറുമായി ലിസ്റ്റില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

ആദ്യമായി ലിസ്റ്റിലെത്തിയ ഇന്ത്യയിലെ മുന്‍നിര മരുന്ന് ഉല്‍പാദകരായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപകന്‍ ദിലീപ് സംഘ്വി മൂന്നാം സ്ഥാനത്തെത്തി. ഇദ്ദേഹത്തിന്റെ സ്വത്ത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനമാണ് വര്‍ധിച്ചത്.

മുകേഷ് അംബാനിയുടെ അനുജന്‍, ധിരുബായ് അംബാനി ഗ്രൂപ്പിലെ അനില്‍ അംബാനി 710 കോടി ഡോളര്‍ സ്വത്തുമായി ലിസ്റ്റില്‍ 11ാമത് ഉണ്ട്. 34 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തിലുണ്ടായ വര്‍ധനവ്. നേരത്തേ ലിസ്റ്റില്‍ 13ാമതായിരുന്നു അനില്‍ അംബാനിയുടെ സ്ഥാനം.

സണ്‍ നെറ്റ്‌വര്‍ക്കിന്റെ കലാനിധി മാരന്‍ ലിസ്റ്റില്‍ 25ാമതാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ച ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ 400 ദശലക്ഷം ഡോളര്‍ ആസ്തിയുമായി 114ാം സ്ഥാനത്തുണ്ട്.

യു ബി ഗ്രൂപ്പ് മേധാവി വിജയ് മല്യ 71ാമത്തെ സമ്പന്നനാണ്. അതേസമയം മല്യയുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറവു വന്നതായി പട്ടിക സൂചിപ്പിക്കുന്നു.

ലിസ്റ്റില്‍ നേരത്തേ ഉള്‍പ്പെട്ടിട്ടുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയും രവിപിള്ളയ്‌ക്കൊപ്പം 160 കോടി ഡോളറുമായി 36ാം സ്ഥാനത്തുണ്ട്.

ഇന്‍ഫോസിസിന്റെ തന്നെ ക്രിസ് ഗോപാലകൃഷ്ണനും നന്ദന്‍ നിലേകനിയും 46ാം സ്ഥാനത്തുണ്ട്. 30 ശതമാനമാണ് ഇവരുടെ സ്വത്തിലുണ്ടായ വര്‍ധനവ്. ഇന്‍ഫോസിസിന്റെ കെ. ദിനേഷ് 64ാം സ്ഥാനത്തും എസ്.ഡി.ഷിബുലാല്‍ 71ാം സ്ഥാനത്തുമാണ്.

ഇരുവരുടെയും സ്വത്ത് 23 ശതമാനം വര്‍ധിച്ചു. എം.ജി. ജോര്‍ജ് മുത്തൂറ്റും കുടുംബവും ഇത്തവണ 107ാം സ്ഥാനത്താണ്. ശോഭ ഡെവലപ്പേഴ്‌സിന്റെ പിഎന്‍സി മേനോന്‍ 127ാം സ്ഥാനത്തുണ്ട്.

ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആയ സാവിത്രി ജിന്‍ഡാല്‍ 520 കോടി ഡോളര്‍ സ്വത്തുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെന്ന സ്ഥാനം നേടി.

ലിസ്റ്റില്‍ പുതുതായി പ്രവേശനം ലഭിച്ചവരില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് രാജ്യങ്ങള്‍ പ്രവര്‍ത്തനമേഖലയാക്കിയവരാണ്. 11 പേര്‍ മുംബൈയില്‍ നിന്നും മൂന്നുപേര്‍ ചെന്നൈയില്‍ നിന്നുമുള്ളവരാണ്.

Latest Stories

We use cookies to give you the best possible experience. Learn more