|

തെരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്, ബോംബ് ആക്രമണം; ബംഗാളില്‍ മരണം 10 കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരണം 10 ആയി. നന്ദി ഗ്രാമില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ അപു മണ്ണയും ജഗ്യേഷ്വര്‍ ഘോഷുമാണ് ഒടുവിലായി കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വടക്കന്‍ പര്‍ഗാനാസിലുണ്ടായ ബോംബ് ആക്രമണത്തില്‍ മറ്റൊരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുര്‍ഷിദാ ബാദില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സംഘര്‍ഷത്തിനിടെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ ബാലറ്റ് പേപ്പറുകളും വോട്ടിംഗ് ഉപകരണങ്ങളും തൃണമൂല്‍ പ്രവര്‍ത്തകര്‍ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.

രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ അര്‍ദ്ധ രാത്രി സി.പി.ഐ.എം പ്രവര്‍ത്തകരായ ദമ്പതികളുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടിരുന്നു. ദമ്പതികള്‍ ഉറങ്ങിക്കിടക്കവേയായിരുന്നു വീടിന് അക്രമികള്‍ തീയിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബു, ഉഷ ദാസ് ദമ്പതികള്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്നും ഇവരില്‍ നിന്നും വ്യാപക അക്രമം നേരിട്ടതായും സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.


Read | സച്ചിനല്ല… കോഹ്‌ലി തന്നെയാണ് കേമന്‍; ഷെയ്ന്‍ വോണ്‍ പറയുന്നു


നൂറ് കണക്കിന് ആളുകള്‍ക്ക് വിവിധയിടങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ബൂത്ത് പിടിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ സമാധാനപരമായി നേരിടണമെന്നും വ്യാജവീഡിയോകളും മറ്റും പ്രചരിപ്പിക്കുന്നത് തടയണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

വോട്ടിങ്ങില്‍ സമാധാനം ഉറപ്പിക്കാനായി 1,54,000 പൊലീസുകാരെയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ബംഗാള്‍ പൊലീസും സിക്കിം, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസുകാരെയുമാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.


Read | സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പുതുച്ചേരി പൊലീസ്


ഇതിനിടെ ബദ്ഗ നോര്‍ത്ത് 24 പര്‍ഗാന്‍സ് ജില്ലയിലെ ബൂത്തില്‍ നിന്നും ബാലറ്റ് പേപ്പര്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിടികൂടുമെന്നായപ്പോള്‍ ബോംബേറ് നടത്തി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.

അതേസമയം വോട്ടിങ്ങിനിടെ അക്രമം അഴിച്ചുവിടാനായി ബി.ജെ.പി ബംഗ്ലാദേശില്‍ നിന്നും നൂറ് കണക്കിന് ആളുകളെ ബംഗാളില്‍ എത്തിച്ചിരിക്കുകയാണെന്ന് ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയോ മുള്ളിക് ആരോപിച്ചു. ഇവരെ നേരിടാന്‍തക്ക പൊലീസ് സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു.

സൗത്ത് ബംഗാളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും വടക്കന്‍ ബംഗാളില്‍ അക്രമങ്ങള്‍ താരതമ്യേന കുറവായിരുന്നുവെന്നും ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

അതേസമയം ബെഹാര്‍ ജില്ലയില്‍ രാവിലെ എട്ട് മണിയോടെ തന്നെ നൂറ് ശതമാനം പോളിങ് രേഖപ്പെടുത്തിയായും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍ ഗാസിപൂര്‍ വില്ലേജില്‍ ആളുകള്‍ തമ്മില്‍ വലിയ തോതില്‍ സംഘര്‍ഷം അരങ്ങേറിയിട്ടുണ്ട്. ബൂത്തിന് പുറത്ത് നടക്കുന് അക്രമസംഭവത്തില്‍ പത്തോളം യുവാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.