| Tuesday, 28th March 2017, 12:25 pm

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റു പോയ പത്ത് സ്മാര്‍ട്ട് ഫോണുകള്‍; ഐ.എച്ച്.എസിന്റെ പട്ടിക പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യധാര ബ്രാന്‍ഡുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളുമായി പുതിയ ബ്രാന്‍ഡുകള്‍ കൂടി വിപണിയില്‍ എത്തിയതാണ് മത്സരം ഇത്രയും കടുക്കാന്‍ കാരണം. ഇത്രയും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഉണ്ടാകുമ്പോള്‍ ഏത് തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുക എന്നത് സ്വാഭാവികം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ പത്ത് സ്മാര്‍ട്ട് ഫോണുകളുടെ പട്ടിക ലണ്ടന്‍ ആസ്ഥാനമായുള്ള ഐ.എച്ച്.എസ് എന്ന കമ്പനി പുറത്തു വിട്ടിരിക്കുകയാണ്.

10. സാംസംഗ് ഗ്യാലക്‌സി ജെ7

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന 10 സ്മാര്‍ട്ട് ഫോണുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ഗ്യാലക്‌സി ജെ7 ആണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജെ7 പുറത്തിറങ്ങിയത്. 5.5 ഇഞ്ച് സൂപ്പര്‍ എ.എം.ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയും എക്‌സിനോസ് ഒക്ടകോര്‍ പ്രൊസസറുമുള്ള ഈ ഫോണിന് 15,990 രൂപയാണ് വില. 2 ജി.ബി റാം, 3,300 എംഎ.എച്ച് ബാറ്ററി, ഇരട്ട സിം കാര്‍ഡ് സ്ലോട്ടുകള്‍, ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് ജെ7-ന്റെ മറ്റ് പ്രത്യേകതയാണ്.

09. സാംസംഗ് ഗ്യാലക്‌സി എസ്7

പട്ടികയിലെ ഒന്‍പതാമത്തെ ഫോണും സാംസംഗിന്റേത് തന്നെയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഗ്യാലക്‌സി എസ്7 ആണ് ഇത്. 40,000 രൂപയ്ക്കടുത്ത് വില വരുന്ന ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന് 5.1 ഇഞ്ച് ഡിസ്‌പ്ലേയും 3,000 എം.എ.എച്ച് ബാറ്ററിയും ഉണ്ട്. എക്‌സിനോസ് 8890 ഒക്ടകോര്‍ പ്രൊസസര്‍, 4 ജി.ബി റാം, 12 മെഗാ പിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ, 4ജി കണക്റ്റിവിറ്റി, അതിവേഗ ചാര്‍ജിംഗ് സംവിധാനം എന്നിവയാണ് എസ്7-ന്റെ മറ്റ് പ്രത്യേകതകള്‍.

08. സാംസംഗ് ഗ്യാലക്‌സി ജെ5

2016-ല്‍ പുറത്തിറങ്ങിയ സാംസംഗ് ഗ്യാലക്‌സി ജെ5 ആണ് പട്ടികയിലെ എട്ടാമത്തെ ഫോണ്‍. സ്‌നാപ്പ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി റാം, 5.2 ഇഞ്ച് എ.എം.എല്‍.ഇ.ഡി ഡിസ്‌പ്ലേ, 4ജി, വൈഫൈ, ബ്ലൂടൂത്ത് 4.1, മൈക്രോ യു.എസ്.ബി 2.0, 3,100 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 10,000 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില.


Also Read: ഓസ്‌ട്രേലിയയെ തകര്‍ത്ത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയ്ക്ക്; ധരംശാലയില്‍ ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റിന്


07. ഒാപ്പോ എ53

ഐ.എ.എച്ച് പട്ടികയില്‍ സാംസംഗും ആപ്പിളും അല്ലാത്ത ഏക കമ്പനിയാണ് ഓപ്പോ. മിഡ് റേഞ്ച് ഫോണായ എ53 2015 ഡിസംബറിലാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് 5.1 അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഒ.എസിലാണ് എ53 പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം കാര്‍ഡും 5.5 ഇഞ്ച് ഡിസ്‌പ്ലേയുമുള്ള എ53-ന് 2.5ഡി കര്‍വ്ഡ് ഗ്ലാസും ഉണ്ട്. സ്‌നാപ്പ് ഡ്രാഗണ്‍ ഒക്ടകോര്‍ പ്രൊസസറും 2 ജി.ബി റാമും 3,075 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

06. സാംസംഗ് ഗ്യാലക്‌സി ജെ3

ഐ.എച്ച്.എസ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത് സാംസംഗ് ഗ്യാലക്‌സി ജെ3 ആണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ ഫോണില്‍ “എസ് ബൈക്ക്” എന്ന പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി റാം, 8 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

05. സാംസംഗ് ഗ്യാലക്‌സി എസ്7 എഡ്ജ്

പട്ടികയിലെ അഞ്ചാമത്തെ സ്മാര്‍ട്ട്‌ഫോണായ സാംസംഗ് ഗ്യാലക്‌സി എസ്7-ന്റെ വില 44,000 രൂപയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ ഫോണിന് 3,600 എം.എ.എച്ച് ബാറ്ററി, ക്വാഡ് എച്ച്.ഡി സൂപ്പര്‍ എ.എം.ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ, എക്‌സിനോസ് 8890 ഒക്ടകോര്‍ പ്രൊസസര്‍, 4 ജി.ബി റാം, 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നീ പ്രത്യേകതകളും ഉണ്ട്.

04. ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

ലോകത്ത് ഏറ്റവും വില്‍പ്പനയുള്ള നാലാമത്തെ ഫോണാണ് ആപ്പിളിന്റെ ഐഫോണ്‍ 6എസ് പ്ലസ്. 44,000 രൂപയോളം വിലയുള്ള ഈ ഫോണിന് ഐ ഫോണ്‍ 6എസിന്റെ അതേ ഫീച്ചറുകളാണ് ഉള്ളത്. ക്യാമറയിലും ബാറ്ററിയിലും മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്. പുറത്തെടുക്കാന്‍ കഴിയാത്ത 2,750 എം.എ.എച്ച് ബാറ്ററിയാണ് 6എസ് പ്ലസിനുള്ളത്.


Don”t Miss: ‘മുസ്‌ലീങ്ങളെയെല്ലാം ഞങ്ങള്‍ കൊല്ലും’ എന്നു പ്രഖ്യാപിച്ചുകൊണ്ട് മൂന്നു തവണ അവര്‍ വന്നു: ഗുജറാത്തിലെ കലാപത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു


03. ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

ഐ.എച്ച്.എസ് പട്ടികയില്‍ മൂന്നാം റാങ്കിലുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്. 60,000 രൂപ വിലയുള്ള ഫോണ്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേ, എ10 ഫ്യൂഷന്‍ പ്രൊസസര്‍, 2 ജി.ബി റാം എന്നീ ഫീച്ചറുകളോടെയാണ് വന്നത്. ഐഫോണ്‍ 7 പ്ലസിന് ടെലിഫോട്ടോ ലെന്‍സോടു കൂടിയ 12 മെഗാപിക്‌സലിന്റെ രണ്ട് സെന്‍സറുകളാണ് ഉള്ളത്. 7 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഉണ്ട്.

02. ആപ്പിള്‍ ഐഫോണ്‍ 7

ഐ.എച്ച്.എസിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 7. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ ഈ ഫോണിന് ഏകദേശം 50,000 രൂപയാണ് വില. 3ഡി ടച്ചോടു കൂടിയ 4.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, പുതിയ ആപ്പിള്‍ എ10 ഫ്യൂഷന്‍ ക്വാഡ് കോര്‍ പ്രൊസസര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

01. ആപ്പിള്‍ ഐഫോണ്‍ 6എസ്

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഫോണാണ് ആപ്പിളിന്റെ ഐഫോണ്‍ 6എസ്. 2015 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഫോണിന്റെ വില ഓണ്‍ലൈന്‍ വിപണിയില്‍ ഏകദേശം 38,000 രൂപയാണ്. എ9 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന 6എസിന് 3ഡി ടച്ച് സംവിധാനവുമുണ്ട്. 12 മെഗാപിക്‌സല്‍ ഐസൈറ്റ് പിന്‍ ക്യാമറയില്‍ 4കെ വീഡിയോകള്‍ ചിത്രീകരിക്കാം. 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുള്ള ഫോണിന് 2 ജി.ബി റാമാണ് ഉള്ളത്.

We use cookies to give you the best possible experience. Learn more