ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 18 മരണം. 50 പേര്‍ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യം കഴിച്ച നിരവധി ആളുകളുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ലോഡിങ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
മദ്യം വിതരണം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കള്ളക്കുറിച്ചി ജില്ലാകളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. എസ്.പിയെയും പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു.
വ്യാജമദ്യം കഴിച്ചുണ്ടായ മരണങ്ങളിലെ അന്വേഷണം സി.ബി.സി.ഐ.ഡി(ക്രൈം ബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)ന് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം ഈ മരണങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം എക്‌സൈസ് മന്ത്രി തങ്കം തെന്നരസു ഏറ്റെടുക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യാജമദ്യത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാജമദ്യം കഴിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം. 2023 മെയ്യില്‍ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളിലായി 22 പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു.
Content Highlight: 10 die after consuming fake liquor in Kallakkurichi in Tamil Nadu