ന്യൂയോര്‍ക്ക്: അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ആറടിയിലേറെ ഉയരത്തിലാണ് മഞ്ഞുവീണുകിടക്കുന്നത്. വടക്കുകിഴക്കന്‍ അമേരിക്കയിലാണ് അതി ശൈത്യം കൂടുതലായും അനുഭവപ്പെടുന്നത്.
രണ്ടോ മൂന്നോ അടി ഉയരത്തില്‍ വരെയുള്ള മഞ്ഞുവീഴ്ചയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങള്‍ കടുത്ത ശൈത്യം അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മഞ്ഞു വീഴ്ചയ്‌ക്കൊപ്പം ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലേക്കുള്ള വാഹനഗതാഗതവും വിലക്കിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാവുകയും ബിസിനസുകളെ മോശമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
മഞ്ഞുവീഴ്ച കാരണം ന്യൂയോര്‍ക്കിലേക്ക് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും കപ്പലുകളും മറ്റ് വാഹനങ്ങളും നിര്‍ത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.