ദളിതര്‍ക്കുനേരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഉന ദളിത് അത്യാചാര്‍ ലഡാട്ട് സമിതിയുടെ നേതൃത്വത്തിലുള്ള “ആസാദി കൂച്ച്” അഥവാ സ്വാതന്ത്ര്യത്തിലേക്കു മാര്‍ച്ച് ആണ് കഴിഞ്ഞദിവസം ആരംഭിച്ചത്.
350 കിലോമീറ്റര്‍ സഞ്ചരിക്കുന്ന മഹാറാലിയില്‍ ആയിരക്കണക്കിന് ദളിതരാണ് അണിനിരന്നിരിക്കുന്നത്. അഭിഭാഷകനും ദളിത് നേതാവുമായ ജിഗ്നേഷ് മെവാനിയും രാഹുല്‍ ശര്‍മ്മയുമാണ് മഹാറാലി നയിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കമിട്ട റാലി വിവിധയിടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കുചേരുന്നത്.
സൊമാര്‍ കുയിലെ സിദ്ധാര്‍ത്ഥ് വിദ്യാഭ്യാസ ട്രസ്റ്റിലെത്തിയ പ്രവര്‍ത്തകര്‍ ഇനി ചത്ത മൃഗങ്ങളുടെ സംസ്‌കാരം നടത്തില്ലെന്ന് പ്രത്യജ്ഞയെടുത്തു. ഇതിനു പുറമേ ദളിതര്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ദളിതരുടെ പ്രത്യേകിച്ച് യുവാക്കളുടെ വര്‍ഷങ്ങളായുള്ള രോഷത്തിന്റെയും നിരാശയുടെയും ഫലമാണ് ഈ പ്രതിഷേധങ്ങളെന്ന് നവസര്‍ജന്‍ ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആയ മഞ്ജുള പ്രദീപ് പറഞ്ഞു.
“തങ്ങള്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ദളിത് യുവാക്കള്‍ പ്രാദേശിക തലത്തില്‍ വര്‍ഷങ്ങളായി പ്രതിഷേധിക്കുകയാണ്. ഉന സംഭവം ഒരു വഴിത്തിരിവായി. യുവാക്കളുടെ പ്രതിഷേധം ഐക്യപ്പെടുകയും പഴയ തലമുറ കൂടി അതിലേക്കു പങ്കാളികളാവുകയും ചെയ്തു. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം സംസ്ഥാന ഭരണകൂടം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനി അതിനു കഴിയില്ല. ” അവര്‍ വ്യക്തമാക്കി.
മഹാറാലിയുടെ സമാപന ദിനമായ ആഗസ്റ്റ് പതിനഞ്ചിന് ഉനയില്‍ പതിനായിരക്കണക്കിന് ദളിതര്‍ ഒത്തുചേര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്ന് ജിഗ്നേഷ് പറഞ്ഞു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദളിതര്‍ ഇത്ര ശക്തമായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.