തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പര്‍ അടിച്ചത് പരപ്പനങ്ങാടിയിലെ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക്. 11 വനിതകളുടെ കൂട്ടായ്മയെ ആണ് ഭാഗ്യദേവത തുണച്ചത്.
രാധ എന്ന സ്ത്രീയാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചെന്നും സ്ത്രീ കൂട്ടായ്മ അറിയിച്ചു.
നാലാമത്തെ തവണയാണ് കൂട്ടായി ബമ്പര്‍ ടിക്കറ്റെടുക്കുന്നതെന്നും രാധാ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘നേരത്തെ ഓണം ബമ്പറെടുത്തപ്പോഴും ആയിരം രൂപ കിട്ടിയിരുന്നു. ആദ്യം ലോട്ടറിക്കാരനെ കണ്ടപ്പോള്‍ പൈസയില്ലെന്ന് പറഞ്ഞു.
പിന്നീട് ഹരിത കര്‍മ സേനയിലെ സഹപ്രവര്‍ത്തകരോട് കൂട്ടായി ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും ഓക്കെ ആയിരുന്നു. അങ്ങനെ പൈസ സ്വരുക്കൂട്ടി എടുത്തതാ,’ രമ ലോട്ടറിയെടുത്ത ദിവസം ഓര്‍ത്തെടുത്തു.
ഹരിത കര്‍മസേന ഉണ്ടായത് കൊണ്ടാണ് ഞങ്ങളിങ്ങനെ എല്ലാവരും ഒത്തുചേരാനും ടിക്കറ്റെടുക്കാനുമൊക്കെ സാധിച്ചതെന്ന് മറ്റൊരു അംഗം പറഞ്ഞു. ‘ഹരിത കര്‍മസേന ഞങ്ങള്‍ ഒഴിവാക്കില്ല. പരപ്പനങ്ങാടിയിലെ ഹരിത കര്‍മസേനാ അംഗങ്ങളാണ് ഞങ്ങള്‍.
നേരത്തെ എടുത്ത ലോട്ടറിയില്‍ മൂന്നെണ്ണം പോയി, നാലാമത്തേത് ഞങ്ങള്‍ക്ക് അടിച്ചു. ഹരിത കര്‍മസേന ഉണ്ടായത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഒത്തുകൂടാന്‍ സാധിച്ചത്. പരപ്പനങ്ങാടി ഏറ്റവും മുന്നിട്ട് നില്‍ക്കണമെന്ന ഒരൊറ്റ ലക്ഷ്യമേയുള്ളൂ ഞങ്ങള്‍ക്ക്,’ ശുചീകരണ തൊഴിലാളിയായ സ്ത്രീ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് ചായ കുടിക്കുന്നതിന് മുമ്പ് പത്രത്തില്‍ നോക്കിയതെന്നും ഹരിത കര്‍മസേനാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു. ‘നമ്പര്‍ സംശയം തോന്നിയപ്പോള്‍ കൂടെ ജോലി ചെയ്യുന്ന ലക്ഷ്മിയുടെ ഭര്‍ത്താവിനെ കൊണ്ട് ലോട്ടറി നോക്കിപ്പിച്ചു. അവളാണ് പറഞ്ഞത് നിങ്ങള്‍ക്ക് ഒന്നാം സമ്മാനം അടിച്ചിട്ടുണ്ടെന്ന്.
സങ്കടവും സന്തോഷവും കൊണ്ട് കുറേ കരഞ്ഞു. ഇവിടുത്തെ സാറിനോട് പറഞ്ഞപ്പോളാണ് ബാങ്കില്‍ പോകാന്‍ പറഞ്ഞത്. ഇന്ന് രാവിലെ വണ്ടിക്ക് വരാന്‍ പത്ത് രൂപ പോലുമില്ലാതെ ബുദ്ധിമുട്ടിയ ആളാണ് ഞാന്‍.
മരിക്കുന്നത് വരെ ഇതേ ജോലിയുമായി മുന്നോട്ട് പോകും. വയസായി മരിക്കുന്നത് വരെയും ഞങ്ങള്‍ ഇവിടെ തുടരും. ഞങ്ങളെ ഒഴിവാക്കുന്നത് വരെ ഹരിതകര്‍മസേനയില്‍ ഉണ്ടാകും,’ അവര്‍ പറഞ്ഞുനിര്‍ത്തി. ഇത് കേട്ട് മറ്റ് അംഗങ്ങളെ കയ്യടിച്ച് അതിനെ പിന്തുണക്കുന്നുണ്ടായിരുന്നു.
ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചെന്നും അംഗങ്ങള്‍ അറിയിച്ചു.