| Sunday, 12th May 2019, 10:33 pm

10 ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുയാണ്; ഭരണം അട്ടിമറിക്കാമെന്നത് യെദ്യൂരപ്പയുടെ പകല്‍ക്കിനാവെന്നും കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: കര്‍ണ്ണാടകയിലെ പത്ത് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകായണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹ്മദ് ഖാന്‍. കോണ്‍ഗ്രസിനെ അട്ടിമറിച്ച് സംസ്ഥാനത്ത് അധികാരത്തിലേറാമെന്നത് ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ പകല്‍ക്കിനാവ് മാത്രമാണെന്നും സമീര്‍ പറഞ്ഞു.

‘ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച അന്ന് മുതല്‍ ബി.ജെ.പി അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുയാണ്. അത് പുതിയൊരു കാര്യവുമല്ല. ഞങ്ങളുടെ 20 എം.എല്‍.എമാരെക്കുറിച്ച് ഒരു ബി.ജെ.പി നേതാവ് സംസാരിച്ചിരുന്നു. ഇന്ന് ബി.ജെ.പിയുടെ പത്ത് എം.എല്‍.എമാര്‍ ഞങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുയാണ്’- സമീര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കോണ്‍ഗ്രസിന്റെ അതൃപ്തരായ 20 എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പിന് ശേഷം എടുക്കുന്ന തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാറിന്റെ ആയുസ് എന്ന് യെദ്യൂരപ്പ് പറഞ്ഞതിന് പിന്നാലെയായിരുന്നു സമീറിന്റെ പ്രസ്താവന.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാലുടന്‍ സംസ്ഥാനത്തെ ജെ.ഡി.എസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ താന്‍ രാഷ്ട്രീപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സമീര്‍ പറഞ്ഞു.

സര്‍ക്കാര്‍ താഴെയിറങ്ങുമെന്ന് പറയുന്നവരുടെ വായടപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും പറഞ്ഞു.

‘നേരത്തെ ദിവാലിക്ക് ശേഷവും, സംക്രാന്തിക്ക് ശേഷവും സര്‍ക്കാര്‍ താഴെയിറങ്ങുമെന്ന് അവര്‍ പറഞ്ഞിരുന്നു. അവരുടെ പ്രസ്താവനകളെ അവരു പോലും വിശ്വസിക്കില്ല’- റാവു പറയുന്നു.

നേരത്തെ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിലേക്ക് വരുമെന്നും മോദി അവകാശപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more