| Wednesday, 16th October 2024, 3:38 pm

ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍; വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ടെയര്‍ നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ഖാന എന്ന പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. വ്യോമാക്രണത്തില്‍ വന്‍ തീപിടുത്തം ഉണ്ടായതായും കെട്ടിടങ്ങളും വാഹനങ്ങളും കത്തി നശിച്ചതായും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിവില്‍ ഡിഫന്‍സ് ടീമുകളും അഗ്നിശമനസേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നെന്നും അപകടത്തില്‍ പരിക്കേറ്റവരെ ടെയറിലെ ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ 23 മുതല്‍ ഇസ്രഈല്‍ സൈന്യം ലെബനനില്‍ തീവ്രമായ വ്യോമാക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഹിസ്ബുല്ലയും ഇസ്രഈലും തമ്മിലുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തില്‍ 2350 പേര്‍ കൊല്ലപ്പെട്ടതായാണ് പുതിയ കണക്ക്. 10906 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ കണക്കില്‍ പറയുന്നുണ്ട്.

അതേസമയം ഇസ്രഈലിലേക്ക് ഹിസ്ബുല്ല നടത്തുന്ന വ്യോമാക്രമണത്തില്‍ ഹൈഫയിലടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലെബനനില്‍ നിന്ന് ഇരുപതോളം റോക്കറ്റുകള്‍ ഇതിര്‍ത്തി പ്രദേശമായ കിര്യത് ഷമോനയിലേക്ക് മാത്രം അയച്ചിരുന്നുവെന്നും ഹൈഫയിലേക്ക് 40 റോക്കറ്റാക്രമണം നടത്തിയതായും ഹിസ്ബുല്ല നേരത്തെ സ്ഥീരീകരിച്ചിരുന്നു.

കിര്യത് ഷമോനയില്‍ ഉണ്ടായ ആക്രമണം നിരവധി തീപ്പിടുത്തങ്ങള്‍ക്ക് കാരണമായിരുന്നതായും ഇസ്രഈല്‍ നഗരങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും വലിയ ബോബാക്രമണം കൂടിയാണ് ബുധനാഴ്ച നടന്നതെന്നും ഇസ്രഈലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹിസ്ബുല്ല ഇസ്രഈലിനെതിരെ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇസ്രഈലി സൈനികര്‍ക്ക് പരിക്കേറ്റതായും കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ ഇസ്രഈലിലെ മുതിര്‍ന്ന സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 42,400 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: 10 assassinated in isreal attack in lebanon

Latest Stories

We use cookies to give you the best possible experience. Learn more