|

സൗദി അറേബ്യ, യു.എ.ഇ ഉൾപ്പടെ എട്ട് രാജ്യങ്ങളിലായി വധശിക്ഷക്ക് വിധിക്കപ്പെട്ടത് 49 ഇന്ത്യക്കാർ: കേന്ദ്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത രാജ്യങ്ങളിലായി 49 ഇന്ത്യക്കാർ നിലവിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. വ്യാഴാഴ്ച രാജ്യസഭയിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. വിചാരണ തടവുകാർ ഉൾപ്പെടെ ആകെ 10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ തടവിൽ കഴിയുന്നുണ്ടെന്നും സർക്കാർ വെളിപ്പെടുത്തി.

വിദേശത്ത് തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച പാർലമെന്ററി ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങാണ് വിവരങ്ങൾ പങ്കുവെച്ചത്. പുറത്ത് വിട്ട വിവരങ്ങളിൽ പറയുന്നത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യു.എ.ഇയിലാണ്. യു.എ.ഇയിൽ മാത്രം 25 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ശിക്ഷ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

അതേസമയം സൗദി അറേബ്യയിൽ 11 ഇന്ത്യക്കാരും മലേഷ്യയിൽ ആറ് പേരും കുവൈറ്റിൽ മൂന്നും ഇന്തോനേഷ്യ, ഖത്തർ, യു.എസ്, യെമൻ എന്നിവിടങ്ങളിൽ ഓരോ ഇന്ത്യക്കാർ വീതവുമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുള്ളത്.

ഇതുവരെ 2,633 പേർ സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും 2,518 പേർ യു.എ.ഇയിലും തടവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി അവതരിപ്പിച്ച കണക്കുകൾ പ്രകാരം, തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിൽ നേപ്പാളാണ് മൂന്നാം സ്ഥാനത്ത്, 1,317 പേർ. ഖത്തറിൽ 611 പേർ, കുവൈറ്റിൽ 387 പേർ, മലേഷ്യയിൽ 338 പേർ, പാകിസ്ഥാനിൽ 266, ചൈനയിൽ 173, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 169, ഒമാനിൽ 148, റഷ്യയിലും മ്യാൻമറിലും 27 പേർ വീതം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ

വിദേശ ജയിലുകളിൽ കഴിയുന്ന ആളുകൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് കീർത്തി വർധൻ സിങ് പറഞ്ഞു. പ്രാദേശിക നിയമങ്ങളുടെ ലംഘനങ്ങൾ ആരോപിച്ച് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ ജയിലിലടയ്ക്കുന്ന സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു ഇന്ത്യൻ പൗരനെ തടങ്കലിൽ വച്ചതിനെക്കുറിച്ചോ അറസ്റ്റുചെയ്തതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭിച്ചാലുടൻ തന്നെ പ്രാദേശിക വിദേശകാര്യ ഓഫീസുമായും മറ്റ് ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുകയും കേസിന്റെ വസ്തുതകൾ കണ്ടെത്തുന്നതിനും, അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന് കോൺസുലാർ ആക്‌സസ് ലഭിക്കുന്നതിന് സഹായം എത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

‘വിദേശ കോടതികളിൽ നിന്ന് വധശിക്ഷ ലഭിച്ചവർ ഉൾപ്പെടെ, ശിക്ഷിക്കപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായവും നൽകി വരുന്നുണ്ട്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അപ്പീൽ, ദയാഹർജി എന്നിവ ഉൾപ്പെടെയുള്ള വിവിധ നിയമപരമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്,’ കീർത്തി വർധൻ സിങ് പറഞ്ഞു.

Content Highlight: 10,150 Indians lodged in foreign jails, 49 sentenced to death: Govt

Video Stories