ബോക്‌സിംഗ് താരം സരിതാദേവിക്ക് ഒരു വര്‍ഷത്തെ വിലക്ക്
Daily News
ബോക്‌സിംഗ് താരം സരിതാദേവിക്ക് ഒരു വര്‍ഷത്തെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th December 2014, 12:36 pm

saritha-devi-01ന്യൂദല്‍ഹി: ബോക്‌സിംഗ് താരം സരിതാദേവിക്ക് വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഏഷ്യന്‍ ഗെയിംസിലെ പെരുമാറ്റച്ചട്ടലംഘനത്തെത്തുടര്‍ന്നാണ് സരിതയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മിഡില്‍ വെയ്റ്റ് ബോക്‌സിംഗ് മത്സരത്തിന്റെ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിനോട് പരാജയപ്പെട്ട സരിത ദേവിക്ക് വെങ്കലമെഡലാണ് ലഭിച്ചിരുന്നത്. എന്നാല്‍ വിധികര്‍ത്താക്കളോടുള്ള പ്രതിഷേധമായി സരിതാ ദേവി മെഡല്‍ നിഷേധിച്ചിരുന്നു.

മെഡല്‍ദാനച്ചടങ്ങില്‍ മെഡല്‍ കഴുത്തിലണിയാന്‍ നിഷേധിച്ച സരിതാ ദേവി അത് സെമി ഫൈനലില്‍ തന്നെ തോല്‍പ്പിച്ച ജിന പാര്‍ക്കിനെ അണിയിക്കുകയും ചെയ്തിരുന്നു. പിന്നീട് അവര്‍ മെഡല്‍ തിരിച്ചു നല്‍കിയെങ്കിലും സരിത അത് വേദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

മെഡല്‍ ദാനചടങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരിതാ ദേവി പങ്കെടുത്തിരുന്നത്.  ഫൈനലില്‍ പ്രവേശിക്കാന്‍ യോഗ്യയാണെന്ന് തനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് മെഡല്‍ തിരിച്ചുനല്‍കിയതെന്നായിരുന്നു സരിതയുടെ പ്രതികരണം. വിധികര്‍ത്താക്കള്‍ മന:പ്പൂര്‍വ്വം തന്നെ പരാജയപ്പെടുത്തിയതാണെന്നും സരിത ആരോപിച്ചിരുന്നു.

സംഭവത്തില്‍ സരിതാ ദേവി നിരുപാധികം മാപ്പ് പറയുകയും മെഡല്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സരിതയുടെ പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ബ്ലാസ് ഇഗ്ലേസിയസ് ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ധയാല്‍ എന്നിവരെയും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ ബോക്‌സിംഗ് സംഘത്തെ നയിച്ച ജെ.സുമാരിവല്ലക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സരിതയുടെ പരാജയെ അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാര്‍ പക്ഷപാതം കാട്ടിയെന്നും ഇന്ത്യയുടെ പരിശീലകനായ ബി.ഐ ഫെര്‍ണാണ്ടസും അന്ന് പറഞ്ഞിരുന്നു. മൂന്നും നാലും റൗണ്ടുകളില്‍ സരിതയുടെ ഇടിയേറ്റ് വലഞ്ഞ ജിന മത്സരം തോറ്റനിലയിലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ദക്ഷിണ കൊറിയക്കാരാണ് രാജ്യാന്തര ബോക്‌സിംഗ് ഫെഡറേഷനെ നിയന്ത്രിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് സുതാര്യമല്ലാത്തതിനാല്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിതുന്നു. ഏഷ്യന്‍ ഗെയിംസിന്റെ തൊട്ടുമുന്‍പാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി അംഗീകാരം നേടിയെടുത്തത്.

സരിതയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സച്ചിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സച്ചില്‍ സ്‌പോര്‍ട്‌സ് മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.