കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി
national news
കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 5:52 pm

ന്യൂദല്‍ഹി: കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി. ഒരു ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കാന്‍ വ്യാഴാഴ്ച്ച നടന്ന ജി.എസ്.ടി കൗണ്‍സിലിലാണ് അനുമതി നല്‍കി്.

കേരളത്തിനകത്ത് മാത്രമാണ് അധിക സെസ് പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ഇത്തരമൊരു സെസ് പിരിക്കാനായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇതിന് മറ്റ് സംസ്ഥാനങ്ങള്‍ അനുകൂലമായിരുന്നില്ല. ദേശീയ തലത്തില്‍ സെസ് പിരിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു മന്ത്രിതല ഉപസമിതിയും എടുത്ത നിലപാട്.

Also Read:  ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍

തുടര്‍ന്ന് കേരളത്തില്‍ മാത്രം സെസ് പിരിക്കാമെന്ന ധാരണയിലേക്ക് ഉപസമിതി എത്തിയിരുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തതിന് ശേഷം രണ്ടുവര്‍ഷത്തേക്ക് സെസ് പിരിക്കാന്‍ കേരളത്തിന് അനുമതി നല്‍കുകയായിരുന്നു.

കേരളത്തിനുള്ളില്‍ നടക്കുന്ന വില്‍പ്പനകള്‍ക്ക് മാത്രം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി. ഇതിലൂടെ ഒരുവര്‍ഷം 500 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജി.എസ്.ടി രജിസ്ട്രേഷന്‍ പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താനും ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.