കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീരില്‍ നിന്ന് രാജിവെച്ചത് 51 കോണ്‍ഗ്രസ് നേതാക്കള്‍
national news
കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീരില്‍ നിന്ന് രാജിവെച്ചത് 51 കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2022, 2:51 pm

ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് മുന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ 51 നേതാക്കളെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ യൂണിറ്റിലെ 51 ഓളം നേതാക്കളാണ് പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന താര ചന്ദും രാജി വെച്ചവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

താര ചന്ദിനെ കൂടാതെ മുന്‍ മന്ത്രിമാരായ മാജിദ് വാനി, ഡോ. മനോഹര്‍ ലാല്‍ ശര്‍മ, ചൗധരി ഗുരു റാം, മുന്‍ എം.എല്‍.എ താക്കൂര്‍ ബല്‍വാന്‍ സിങ്, മുന്‍ ജനറല്‍ സെക്രട്ടറി വിനോദ് മിശ്ര എന്നിവരും രാജിവെച്ചവരിലുണ്ട്.

രാജിവെച്ച 51 നേതാക്കളും ഗുലാം നബി ആസാദ് നയിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഒന്നിച്ച് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ഇതുവരെ 64 നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായ ആസാദ് അഞ്ചു ദശകങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത് വെള്ളിയാഴ്ചയായിരുന്നു. പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന പാര്‍ട്ടി സംവിധാനം രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും ആരോപിച്ചാണ് ആസാദ് രാജിവെച്ചത്. രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിയെ അതിരൂക്ഷമായി ആസാദ് വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ പക്വതയില്ലായ്മായാണ് രാജ്യത്ത് യു.പി.എ ഭരണം ഇല്ലാതാകാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2013ല്‍ നിങ്ങള്‍ (സോണിയ ഗാന്ധി) രാഹുല്‍ ഗാന്ധിയെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍ അതുവരെ നിലനിന്നിരുന്ന എല്ലാ കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസങ്ങളും രാഹുല്‍ ഗാന്ധി ഇല്ലാതാക്കി. മുന്‍ പരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തഴയപ്പെട്ടു. പുതു തലമുറക്കാരും രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലാത്തവരും പാര്‍ട്ടി വിഷയങ്ങളും പൊതു വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇത്തരം പക്വതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമങ്ങളുള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം നോക്കിനില്‍ക്കെ രാഹുല്‍ ഗാന്ധി ഒരു സര്‍ക്കാര്‍ ഉത്തരവ് കീറിക്കളഞ്ഞത്. ആ പ്രവര്‍ത്തി പക്വതയില്ലായ്മ തന്നെയായിരുന്നു,’ അസാദ് രാജിക്കത്തില്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത് മുതിര്‍ന്ന എല്ലാ നേതാക്കളേയും അധിക്ഷേപിച്ചുകൊണ്ടാണ്. യു.പി.എ സര്‍ക്കാരിന്റെ ധാര്‍മ്മികത തകര്‍ത്ത റിമോട്ട് കണ്‍ട്രോള്‍ മോഡല്‍ കോണ്‍ഗ്രസിനേയും കയ്യടക്കി. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെല്ലാം രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ പി.എകളോ ആണ്.

2020 ഓഗസ്റ്റില്‍ ഞാനും മുതിര്‍ന്ന 22 നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ട്ടിയിലെ ഈ മാറ്റത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക താല്‍പര്യക്കാരുടെ ഈ സംഘം മുഖസ്തുതിക്കാരെ അഴിച്ചുവിട്ട് ഞങ്ങളെ ആക്രമിച്ചു. ഞങ്ങളെ വില്ലന്‍മാരാക്കി. ഒരു മാന്യതയുമില്ലാതെ അപമാനിച്ചു.

ഈ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ജമ്മുവില്‍ എന്റെ ശവഘോഷയാത്ര നടത്തിയത്. എന്റെ ശവഘോഷയാത്ര നടത്തിയവര്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും രാഹുല്‍ ഗാന്ധിയും വിരുന്നൊരുക്കി. കായികമായി ആക്രമിക്കാന്‍ കപില്‍ സിബലിന്റെ വസതിയിലേക്ക് ഗുണ്ടകളെ അഴിച്ചുവിട്ടതും ഇതേ സംഘം തന്നെയാണ്. പാര്‍ട്ടിയിലെ പോരായ്മകളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടുക മാത്രമാണ് 23 നേതാക്കള്‍ ചെയ്ത ഏക കുറ്റകൃത്യം എന്ന് കൂടി ഓര്‍ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: 51 leaders resigned from congress after ghulam nabi azad resignation