കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറിയ ഇന്‍ഡോറില്‍ നോട്ടയ്ക്ക് ഒരു ലക്ഷം വോട്ടുകള്‍
Loksabha Election Result 2024
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറിയ ഇന്‍ഡോറില്‍ നോട്ടയ്ക്ക് ഒരു ലക്ഷം വോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 04, 09:40 am
Tuesday, 4th June 2024, 3:10 pm

ജയ്പൂര്‍: രാജസ്ഥാനിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് ഒരു ലക്ഷത്തോളം വോട്ടുകള്‍. ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ഒരു ലക്ഷത്തോളം വോട്ടുകള്‍ രേഖപ്പെടുത്തുന്നത്.

ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് വിവാദമായിരുന്നു.

ഇതിനുപിന്നാലെ മണ്ഡലത്തിലെ വോട്ടമാര്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. ഈ പ്രചാരണം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയതായാണ് ഫലങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ഇന്‍ഡോറില്‍ ബി.ജെ.പിയുടെ ശങ്കര്‍ ലാല്‍വാനി 1002120 വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സഞ്ജയ് ലക്ഷ്മണന്‍ സോളങ്കിയാണ് 50023 വോട്ടിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുള്ളത്. മണ്ഡലത്തില്‍ ഒമ്പത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അഖില ഭാരതീയ പരിവാര്‍ പാര്‍ട്ടി, എസ്.യു.സിഐ, ജന്‍ സംഘ് പാര്‍ട്ടി എന്നിവയിലെ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.

മെയ് 13നാണ് ഇന്‍ഡോര്‍ മണ്ഡലത്തില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ അക്ഷയ് കാന്തി ബാം കൂറുമാറിയത്. ഇത് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വന്‍ തിരിച്ചടിയുണ്ടാക്കി.

അക്ഷയ് ബാമിനെ ക്ഷണിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്.

ബി.ജെ.പി എം.എല്‍.എ രമേശ് മെന്‍ഡോളയ്‌ക്കൊപ്പമാണ് അക്ഷയ് ബാം പത്രിക പിന്‍വലിക്കാനെത്തിയത്. ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗീയ എക്‌സില്‍ അക്ഷയ്‌ന്റെ ഫോട്ടോ പങ്കുവെക്കുകയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: 1 lakh votes for NOTA in Indore where Congress candidate withdrew