[share]
[] ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇരട്ട ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഗുണ്ടൂര്‍ സ്വദേശി സ്വാതിയാണ് (22) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
രാവിലെ 7.15 ഓടെയാണ് ഒന്‍പതാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ഗുവഹാത്തി-ബാംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ട്രെയിനിലെ എസ് 4. എസ് 5 കോച്ചുകള്‍ക്കിടയിലാണ് സ്‌ഫോടനം ഉണ്ടയിരിക്കുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എസ് 4 സീറ്റിലെ 28 നമ്പര്‍ സീറ്റിന്റെ അടിയിലും എസ് 5 കോച്ചിന്റെ 69 നമ്പര്‍ സീറ്റിന്റെ അടിയിലുമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംശയാസ്പദമായി കണ്ടത്തിയ ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തതായി റെയില്‍വേ പോലീസ് വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.സ്‌ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനായി ഹൈദരാബാദ് എന്‍.ഐ.എ സംഘം ചെന്നൈലേക്ക് തിരിച്ചു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുവിവരം മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനു അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ വ്യക്തമാക്കി. പരിക്കേറ്റവരെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജ് അടക്കം സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്.