ന്യൂദല്‍ഹി:ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വീണ്ടും നേപ്പാള്‍ പ്രകോപനം. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ നേപ്പാള്‍ പൊലീസ് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ പരിക്കു പറ്റിയ യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവാവിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തിയിലെ തോല മാഫി ഗ്രാമത്തില്‍ തന്റെ കന്നുകാലികളെ തേടി പോയ ജിതേന്ദ്ര കുമാര്‍ എന്ന 25 കാരനായ യുവാവിനു നേരെയാണ് നിറയൊഴിച്ചത്. യുവാവിനൊപ്പം അങ്കിത് കുമാര്‍ സിംഗ്, ഗുല്‍ഷണ്‍ കുമാര്‍ സിംഗ് എന്നീ രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു.
ഗ്രാമത്തിനു പുറത്തുള്ള ഫാമിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു നേരെ അതിര്‍ത്തിയില്‍ വിന്യസിച്ച നേപ്പാള്‍ പൊലീസ് വെടിവെക്കുകയായിരുന്നു.
സമാനമായി നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് കഴിഞ്ഞ മാസം ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചിരുന്നു. അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പൊലീസ് വെടിവെക്കുകയായിരുന്നു. ബിഹാര്‍ സ്വദേശിയായ വികേഷ് യാദവാണ് (22) വെടിയേറ്റു മരിച്ചത്.
മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. നേപ്പാള്‍ അതിര്‍ത്തി മേഖലയിലൂടെയാണ് റോഡ് എന്നാരോപിച്ച് ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിക്കളഞ്ഞു.
പിന്നാലെ ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തിരുന്നു. ഒപ്പം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും ഭൂപടം പ്രാബല്യത്തില്‍ വരുത്തുന്ന ബില്‍ അംഗീകരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ