സാതാര: സാമൂഹ്യ മാധ്യമത്തിലെ “അധിക്ഷേപകരമായ” പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സാതാര ജില്ലയിലുള്ള പുസേസവലി ഗ്രാമത്തിലാണ് സംഭവം. കേസിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ സാതാര പോലീസും ജില്ലാ ഭരണകൂടവും വിസമ്മതിച്ചു.
നൂറുൽ ഹസൻ ലിയാകത്ത് ശിഖൽഗാർ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. വൈകുന്നേരത്തെ നമസ്കാരത്തിനായി പള്ളിയിൽ പോയതായിരുന്നു ശിഖൽഗാർ എന്നും ഒരു സംഘം അവിടെയെത്തി പരിസരത്ത് ഉണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ പൊലീസ് ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.
‘ഞായറാഴ്ച മിറാജിൽ നിന്നും ബത്തീസ് ഷിറാലയിൽ (അയൽ ജില്ലയിലെ ഗ്രാമങ്ങൾ) നിന്നും വന്ന അതിഥികൾക്ക് ഞങ്ങൾ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. അവർ പോയതിന് ശേഷം എന്റെ മോൻ പള്ളിയിൽ പോയി. അവസാനമായി അപ്പോഴാണ് ഞാൻ അവനോട് സംസാരിച്ചത്.
അവന് നീതി കിട്ടുമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റൊരു അച്ഛനും അമ്മക്കും ഭാര്യക്കും ഇത് പോലൊരു വിധി ഇനി ഉണ്ടാകരുത്,’ ശിഖൽഗാറിന്റെ പിതാവ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പത്ത് പൊലീസുകാർ ഉൾപ്പെടെ 19 പേർക്കെങ്കിലും സംഘർഷത്തിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ചെറുപ്പക്കാർ ഞായറാഴ്ച പോസ്റ്റ് ചെയ്ത “അധിക്ഷേപകരമായ” കണ്ടെന്റിൽ പ്രകോപിതരായാണ് കലാപകാരികൾ അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
‘രണ്ട് ചെറുപ്പക്കാരുടെ അക്കൗണ്ടിൽ നിന്നാണ് ആക്ഷേപകരമായ പോസ്റ്റ് വന്നത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു… അവരെ ചോദ്യം ചെയ്ത് വരുന്നതിനിടയിലാണ് മറ്റ് സമുദായത്തിലെ അംഗങ്ങൾ അക്രമാസക്തരായി പ്രതികരിച്ചത്. രാത്രി ഒമ്പതരയോടെ പുസേസവലി ഗ്രാമത്തിൽ ഈ സമുദായത്തിലെ 150ഓളം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.
അവർ രണ്ട് ഇരുചക്രവാഹനങ്ങളും കാറുകളും അവർ തീയിട്ടു. പൊതുമുതൽ നശിപ്പിക്കുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്തു,’ കൊലാപൂർ പരിധിയിലെ ഐ.ജി സുനിൽ ഫുലാരി പറഞ്ഞു.
ഇതുവരെ 23 പ്രതികളെ പിടികൂടിയെന്നും മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലത്ത് ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇപ്പോൾ പ്രദേശം സമാധാനപരമാണെന്നും ഐ.ജി പറഞ്ഞു.
മൂർച്ചയുള്ള വടികൊണ്ട് അടിയേറ്റാണ് ശിഖൽഗാർ മരണപ്പെട്ടതെന്ന് നാട്ടുകാരൻ പറഞ്ഞു. മുൻകരുതൽ എന്ന നിലയിൽ പ്രദേശത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു.
Content Highlight: Satara violence: 1 dead, 19 injured in clashes over social media post