| Monday, 2nd November 2020, 11:49 am

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാനായി കോടികള്‍; തെലങ്കാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെലങ്കാനയിലെ ദബ്ബാക്ക് ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പിടിച്ചെടുത്ത് പൊലീസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധു എത്തിച്ച പണമാണ് പൊലീസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ഭാര്യാ സഹോദരന്‍ സുരഭി ശ്രീനിവാസ് റാവുവിനേയും ഡ്രൈവറേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തേയും രഘുനന്ദന്‍ റാവുവിന്റെ ഭാര്യയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 18.65 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

ബെഗംപേട്ട് പൊലീസിനൊപ്പം കമ്മീഷണര്‍ ടാസ്‌ക് ഫോഴ്‌സ്, നോര്‍ത്ത് സോണ്‍ ടീം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ ഒരു കോടി രൂപ പിടിച്ചെടുത്തത്.

ടൊയോട്ട ഇന്നോവയിലാണ് പണമെത്തിച്ചത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണ് ഇതെന്നാണ് പൊലീസ് നല്‍കിയ വിവരം. വ്യവസായി സുരഭി ശ്രീനിവാസ് റാവു (47), എസ്.യു.വിയുടെ ഡ്രൈവര്‍ ടി.രവി കുമാര്‍ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. 500, 2,000 നോട്ടുകളുടെ കെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഇവരില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചതുവഴി പണം ബി.ജെ.പി നേതാവിനായി എത്തിച്ചതാണെന്ന് വ്യക്തമാണെന്നും ഇവരുമായി ബന്ധപ്പെടുത്താവുന്ന എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.

പ്രതി സുരഭി ശ്രീനിവാസ് ഹൈദരാബാദിലാണ് താമസിക്കുന്നത്. എ ടു സെഡ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന പേരില്‍ ഇയാള്‍ ഒരു ബിസിനസ് സ്ഥാപനം നടത്തുന്നുണ്ട്.

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി സെക്കന്തരാബാദിലെ ബെംഗംപേട്ടിലുള്ള വിശാഖ ഇന്‍ഡസ്ട്രീസിന്റെ ഓഫീസില്‍ നിന്നാണ് സുരഭി ശ്രീനിവാസ് റാവു പണം എത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കുറഞ്ഞത് അഞ്ച് ഇടത്തുനിന്നും ഇത്തരത്തില്‍ പണം പിടികൂടിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനായി കോടിക്കണക്കിന് രൂപ ബി.ജെ.പി ഇറക്കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

നേരത്തെ രഘുനന്ദന്റെ ഭാര്യ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റെയ്ഡിന് ശേഷം പണവുമായി പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിപ്പറിച്ചോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അന്ന് പൊലീസ് പുറത്തുവിട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊലീസില്‍ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുന്നത് കാണാമായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രഘുനന്ദന്‍ റാവുവിനെതിരെ അന്വേഷണം തുടരുമെന്ന് അന്ന് തന്നെ പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ ഭാര്യാ സഹോദരന്‍ എത്തിച്ച ഒരു കോടി രൂപ ഇപ്പോള്‍ പൊലീസ് പിടിച്ചെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 1 Crore Seized From Car In Telangana Town Headed For By-Election

We use cookies to give you the best possible experience. Learn more