national news
അഞ്ചാംപനിക്കുള്ള വാക്‌സിന്‍ സ്വീകരിക്കാതെ 16 ലക്ഷം കുട്ടികള്‍; ഇന്ത്യ നൈജീരിയയ്ക്കും കോംഗോയ്ക്കും പിന്നിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 15, 07:44 am
Monday, 15th July 2024, 1:14 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ അഞ്ചാംപനിക്കുള്ള വാക്‌സിന്‍ സ്വീകരിക്കാത്തത് 16 ലക്ഷം കുട്ടികള്‍. 2023ലെ കണക്കുകള്‍ പ്രകാരം നൈജീരിയയ്ക്കും കോംഗോയ്ക്കും ശേഷം വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന-യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ അഞ്ചാംപനി വാക്സിന്‍ സ്വീകരിക്കാത്ത 55 ശതമാനം കുട്ടികളുള്ള 10 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ ഇന്ത്യയില്‍ വാക്സിനേഷന്‍ എടുത്ത കുട്ടികളുടെ അനുപാതം 90-94 ശതമാനത്തിന് ഇടയിലാണ്. വാക്സിന്‍ ഉപയോഗിച്ച് തടയാവുന്ന വൈറല്‍ രോഗമായ അഞ്ചാംപനി കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. ഇത് കുട്ടികളില്‍ തലച്ചോറിലെ വീക്കത്തിനും ന്യൂമോണിയക്കും കാരണമാകുന്നു.

2022ല്‍ രാജ്യത്തെ കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും അഞ്ചാംപനി വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നു. കൊവിഡിന് ശേഷം കുട്ടികളിലെ പ്രതിരോധ ശേഷി കുറഞ്ഞത് രോഗം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. അഞ്ചാംപനി ബാധിച്ച് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവരുന്നത്.

‘ഇമ്മ്യൂണൈസേഷന്‍ അജണ്ട 2030’ന്റെ ഒരു പ്രധാന ലക്ഷ്യം, 2030ഓടെ സീറോ ഡോസ് കുട്ടികളുടെ എണ്ണം പകുതിയായി കുറയ്ക്കുക എന്നതാണ്. എന്നാല്‍ 2019 ലെ കണക്കുകളില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമേ 2022ല്‍ ഉണ്ടായിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2023ല്‍ മാത്രമായി ആഗോളതലത്തില്‍ ഏകദേശം 1.4 കോടി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന-യുണിസെഫ് പറയുന്നു.

അതേസമയം 2023ല്‍ ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ് എന്നീ മൂന്ന് സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള കോമ്പിനേഷന്‍ വാക്‌സിനുകളുടെ ആദ്യ ഡോസ് സ്വീകരിക്കാത്ത ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രണ്ടാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ആറാഴ്ച പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും ഈ വാക്‌സിനുകള്‍ സ്വീകരിച്ചിരിക്കണമെന്നാണ് നിര്‍ദേശം.

Content Highlight: 1.6 lakh children not receiving measles vaccine in India