കോട്ടയം: എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എം.ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് എല്‍സി സിജെയാണ് അറസ്റ്റിലായത്.
സര്‍വകലാശാല ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടയൊണ് സിജെയെ അറസ്റ്റ് ചെയ്തത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയില്‍ നിന്ന് സിജെ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഒന്നരലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. അതില്‍ ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വഴി വിദ്യാര്‍ഥി സിജെക്ക് കൈമാറിയിരുന്നു. ബാക്കി തുകയായ 15000 രൂപ ഓഫീസില്‍ വെച്ച് നേരിട്ട് വാങ്ങുന്നതിനിടെയാണ് സിജെയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥി എം.ബി.എ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടിരുന്നു. ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിലെത്തിയത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് സിജെ ആവശ്യപ്പെടുകയായിരുന്നു.
പണമില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയത്.
അവസാന ഗഡുവായ 15000 രൂപ ജീവനക്കാരിക്ക് നല്‍കാനെത്തിയ വിവരം വിദ്യാര്‍ഥി തന്നെ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. പണം നല്‍കിയതിന് പിന്നാലെ സിജെയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇവര്‍ നേരത്തേയും വിദ്യാര്‍ഥിയില്‍ നിന്ന് പണം വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: 1.5 lakh for MBA mark list; University employee arrested for taking bribe