| Friday, 19th January 2024, 7:15 pm

രണ്ട് വയസ് പൂര്‍ത്തിയാവാത്ത 1,35,000 ഫലസ്തീന്‍ കുട്ടികള്‍ പട്ടിണി നേരിടുന്നുവെന്ന് യുണിസെഫ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈലി സൈന്യം ആക്രമണം തുടരുന്നതിനിടയില്‍ രണ്ട് വയസ് പൂര്‍ത്തിയാവാത്ത 1,35,000 കുട്ടികള്‍ പോഷകാഹാരത്തിന്റെ അഭാവത്തെ അഭിമുഖീകരിക്കുന്നതായി യൂണിസെഫ് റിപ്പോര്‍ട്ട്. നഗരത്തിലെ കുട്ടികളുടെ അവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നല്‍കി.

ഗസയിലെ യുദ്ധത്തിനിടയില്‍ ജനിച്ച 20,000 നവജാത ശിശുക്കളടക്കം പട്ടിണിയും പോഷകാഹാര കുറവും സുരക്ഷാപ്രശ്നങ്ങളും നേരിടുന്നതായി യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.

നഗരത്തിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും നിലവിലെ അവസ്ഥ ദുസ്സഹമാണെന്നും ഇതിനെതിരെ അടിയന്തിര നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും യൂണിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം പറഞ്ഞു. ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ ഗസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്നും അത് ശിശുക്കളുടെയും മാതൃമരണങ്ങളുടെയും നിരക്കില്‍ വര്‍ധനവ് ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസവാനന്തരം കൃത്യമായ വൈദ്യ പരിചരണം, പോഷകാഹാരം, സംരക്ഷണം എന്നിവ ലഭിക്കാത്തതാണ് അമ്മമാരുടെ മരണത്തിന് കാരണമാകുന്നതെന്ന് ടെസ് ഇന്‍ഗ്രാം പറഞ്ഞു. ഗസയിലെ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും കേടുപാടുകള്‍ സംഭവിച്ച വീടുകളിലാണ് അഭയം തേടിയിരിക്കുന്നതെന്നും വൃത്തിഹീനമായ ഭക്ഷണത്തെയും വെള്ളത്തെയുമാണ് ആശ്രയിക്കുന്നതെന്നും യു.എന്‍ ഏജന്‍സി വക്താവ് അറിയിച്ചു.

ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണത്തിലും വ്യോമാക്രമണത്തിലുമായി നിരവധി ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായും യൂണിസെഫ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കണക്കുകള്‍ നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,700 ആയി വര്‍ധിച്ചുവെന്നും 61,830 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ 142 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: 1,35,000 Palestinian children under the age of two face starvation, UNICEF reports

We use cookies to give you the best possible experience. Learn more